സഹകരണ പ്രസ്ഥാനം നശിക്കുന്നിടത്ത് കോര്‍പറേറ്റുകള്‍ കടന്നുകയറും: കോടിയേരി
വടകര: നാട്ടിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നാശം എല്ലാ മേഖലകളിലും കോര്‍പറേറ്റുകളുടെ കടന്നുകയറ്റത്തിനു കാരണമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആത്മവിദ്യാ സംഘത്തിന്റെ ശതാബ്ദിയും ഊരാളുങ്കല്‍ സൊസൈറ്റിയുടെ 92-ാം വാര്‍ഷികത്തിന്റെയും ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകളുടെ ആധിപത്യം സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കും. നമ്മുടെ നാടിന്റെ നന്മകള് നഷ്ടമാകാന്‍ കാരണമാകും. ഇതിനെതിരേ സഹകരണ പ്രസ്ഥാനങ്ങളെ ഇനിയും ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. ആത്മവിദ്യാ സംഘം ജനറല്‍ സെക്രട്ടറി പി.വി കുമാരന് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാഹിത്യകാരന് എം. മുകുന്ദന്, ഇ. കുഞ്ഞികൃഷ്ണന് സംസാരിച്ചു. ഈരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് പാലേരി രമേശന് സ്വാഗതം പറഞ്ഞു. സൊസൈറ്റിയിലെ ആദ്യകാല തൊഴിലാളികളായ സി.കെ കണാരന്, എസ്. കുമാരന്, കുനിയില്‍ ശങ്കരന് എന്നിവരെ കോടിയേരി ബാലകൃഷ്ണന് പൊന്നാടയണിയിച്ചു. വാഗ്ഭടാനന്ദനെ കുറിച്ച് ഗ്രന്ഥം രചിച്ച കെ.കെ പവിത്രന്, ടി. രാജന് മാസ്റ്റര്‍, എം.എസ് നായര്‍, തോട്ടപ്പള്ളി രവീന്ദ്രനാഥ്, കാഞ്ഞിലശ്ശേരി ഉത്തമന്, കെ.പി.എ റഹീം, ആര്. ബാലകൃഷ്ണന്, വാഗ്ഭടാനന്ദന്റെ ജീവചരിത്ര ഡോക്യുമെന്ററി നിര്‍മിച്ച ഡോ. സജീന്ദ്രന്, പ്രാര്ഥനാഞ്ജലി സംവിധായകന് വി.ടി മുരളി എന്നിവരെ മന്ത്രി കടംപള്ളി സുരേന്ദ്രന് ആദരിച്ചു.
ആത്മവിദ്യാ സംഘത്തിന്റെ വെബ്സൈറ്റ് ലോഞ്ചിങ് എം. മുകുന്ദന് നിര്‍വഹിച്ചു. സംഘത്തിന്റെ പ്രഥമ പ്രസിഡന്റ് ചാപ്പയില്‍ കുഞ്ഞേക്കു ഗുരുക്കളുടെ ചിത്രം വരച്ച പി. സുധാകരനും യു.എല്‍ ഫൗണ്ടേഷനിലെ വിദ്യാര്‍ഥിയായ ബംഗളൂരു ഐ.എസ്.ആര്.ഒ റിസര്‍ച്ചില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഭിനന്ദിനും സംഘം തൊഴിലാളിയായ എം. ജയജിത്തിന്റെ മകനും ദേശീയ ടാലന്റ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആഗ്നേയജിത്തിനും അറക്കല്‍ ക്ഷേത്രത്തിലെ വാദ്യസംഘത്തിനും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."