പ്രയാസമെത്തിയോ..? രക്ഷപ്പെട്ടു...!
അയാളെ സ്വര്‍ഗാവകാശിയാക്കാനാണ് ദൈവം തമ്പുരാന്‍ കാലേകൂട്ടി തീരുമാനിച്ചത്. പക്ഷേ, അയാളുടെ നടപടികള്‍ മുഴുവന്‍ പരിശോധിച്ചാല്‍ അയാള്‍ അതിനര്‍ഹനല്ല. സുകൃതങ്ങളില്‍ വളരെ പിന്നിലാണ്. എന്തു ചെയ്യും...? അനര്‍ഹമായി അയാളെ സ്വര്‍ഗാവകാശിയാക്കാനാകുമോ..?
ദൈവം തമ്പുരാന്‍ ഈ സന്ദര്‍ഭത്തില്‍ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. അയാള്‍ക്ക് എന്തെങ്കിലും പരീക്ഷണങ്ങള്‍ നല്‍കുക. ഒന്നുകില്‍ സാമ്പത്തികമായ ബുദ്ധിമുട്ട്. അല്ലെങ്കില്‍ മാരകമായ എന്തെങ്കിലും രോഗം, അതുമല്ലെങ്കില്‍ ഉറ്റവരുടെ മരണം.. ഇങ്ങനെ വല്ലതും. അപ്രതീക്ഷിതമായി ഇങ്ങനെയുള്ള എന്തെങ്കിലും പരീക്ഷണങ്ങള്‍ വരുമ്പോള്‍ അയാള്‍ പതറില്ല; ക്ഷമിക്കും. ക്ഷമിക്കുന്നതോടെ അയാള്‍ക്ക് ഉന്നതമായ പ്രതിഫലം ലഭിക്കും. അതുവഴി അയാള്‍ സ്വര്‍ഗാവകാശിയായി തീരുകയും ചെയ്യും...!
ദൈവത്തിന്റെ വിവിധങ്ങളായ നടപടികളിലൊന്നാണിത്. ഈ നടപടി നമുക്കു നല്‍ക്കുന്ന പ്രധാനമായ രണ്ടു പാഠങ്ങള്‍ കേട്ടോളൂ:
1) ദീര്‍ഘകാലമെടുത്ത് ചെയ്താല്‍ മാത്രം കിട്ടുന്ന ഉന്നതമായ പ്രതിഫലം ചുരുങ്ങിയ കാലം മാത്രം നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തിലെ ക്ഷമകൊണ്ട് നേടിയെടുക്കാന്‍ കഴിയും.
2) പരീക്ഷങ്ങളും പ്രതിസന്ധികളും നമ്മെ വിലമീകരിക്കാനും വിശുദ്ധീകരിക്കാനുമുള്ളവയാണ്.
ചിലയാളുകളുണ്ട്. ആരോഗ്യകാലത്ത് മഹാ തെമ്മാടികളായി ജീവിക്കും. ഏതെങ്കിലും ഒരു ഘട്ടത്തില്‍വച്ച് അവര്‍ക്ക് ശക്തമായ എന്തെങ്കിലും രോഗമോ മറ്റോ വന്ന് ശയ്യാവലംബികളായി മാറും. അതോടെ അവരുടെ ജീവിതം അടിമുടി മാറുന്നതു കാണാം.
പരീക്ഷണാനന്തരം ഉത്കൃഷ്ടരായ എത്രയോ നികൃഷ്ടരുണ്ട്. പരീക്ഷണങ്ങള്‍ അവരെ പാഠം പഠിപ്പിച്ചു. അവരാ പാഠം നന്നായി പഠിക്കുകയും ചെയ്തു. ഇതു ചിന്തിച്ചാല്‍ പ്രതിസന്ധികളില്‍ ഞെങ്ങിഞെരുങ്ങി ജീവിക്കുന്നവരോട് സഹതാപമല്ല, അസൂയയാണു തോന്നേണ്ടത്.
ഐശ്വര്യം ലഭിച്ചവനെ നോക്കി അയാള്‍ എത്ര ഭാഗ്യവാന്‍ എന്നു നാം പറയും. പ്രയാസങ്ങളില്‍ ജീവിക്കുന്നവനെ കണ്ട് അയാള്‍ എത്ര ദൗര്‍ഭാഗ്യവാന്‍ എന്നും പറയും. സത്യത്തില്‍ നേരെ തിരിച്ചാണു പറയേണ്ടത്. പ്രയാസങ്ങളില്‍ ജീവിക്കുന്നവനെ എന്തോ അനുഗ്രഹം കാത്തിരിക്കുന്നുണ്ടെന്നു ചിന്തിക്കണം. അനുഗ്രഹങ്ങള്‍ വരുന്നുണ്ടെന്നതിന്റെ ഒരു ലക്ഷണമാണ് പരീക്ഷണങ്ങള്‍. പ്രസവവേദനയില്‍ കഴിയുന്ന പെണ്ണിനെ നോക്കി ആരും അവള്‍ ദൗര്‍ഭാഗ്യവതി എന്നു പറയാറില്ല.
ഖുര്‍ആന്‍ പറഞ്ഞു: ഭയം, വിശപ്പ്, ധനക്കമ്മി, ജീവനാശം, കായ്ക്കനീ ദൗര്‍ലഭ്യം തുടങ്ങി ചിലതുവഴി നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും സംഭവിക്കുമ്പോള്‍ ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവനിലേക്കു മടങ്ങുന്നവരുമാണെന്നു പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക. തങ്ങളുടെ നാഥനില്‍നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും അവരില്‍ വര്‍ഷിക്കും. അവര്‍ തന്നെയത്രെ സന്മാര്‍ഗം കൈവരിച്ചവര്‍.(2: 155-157)
വയറുനിറയെ തിന്നാനുള്ളവര്‍ക്കല്ല, പട്ടിണിയുമായി മല്ലിടുന്നവരുണ്ടെങ്കില്‍ അവര്‍ക്കാണു സന്തോഷവാര്‍ത്ത..! ബിസിനസ് അഭിവൃദ്ധിയില്‍നിന്ന് അഭിവൃദ്ധിയിലേക്കു പോകുന്നവര്‍ക്കല്ല, ബിസിനസ് തകര്‍ന്നു തരിപ്പണമായവര്‍ക്കാണു ശുഭവൃത്താന്തം..! കാലവര്‍ഷക്കെടുതി മൂലമോ മറ്റെന്തെങ്കിലും പ്രകൃതിദുരന്തം മൂലമോ കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കും ശുഭവാര്‍ത്ത..! ഉറ്റവരുടെയോ ഉടയവരുടെയോ മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കും സുവിശേഷം..! ഈവക ദുരന്തങ്ങളില്‍ ക്ഷമ മുറുകെ പിടിക്കുന്നുവെങ്കില്‍ അവര്‍ക്കു വരാനുള്ളത് വിലമതിക്കാനാവാത്ത അനുഗ്രഹവര്‍ഷങ്ങള്‍.. അതുകൊണ്ടാണല്ലോ പല മഹാന്മാരും പരീക്ഷണങ്ങളെ കൈ നീട്ടി സ്വീകരിച്ചത്. ആരോഗ്യത്തെക്കാള്‍ രോഗത്തെ ഇഷ്ടപ്പെട്ടത്.
തന്റെ അടിമയ്ക്ക് ദൈവം തമ്പുരാന്‍ എന്തെങ്കിലും ഗുണമുദ്ദേശിച്ചാല്‍ ഇഹലോകത്തുവച്ചുതന്നെ അയാള്‍ക്ക് ശിക്ഷ അതിവേഗത്തില്‍ കൊടുക്കുമെന്നാണ് പ്രവാചകര്‍ നബിതിരുമേനി അരുള്‍ ചെയ്തത്. അതേസമയം, എന്തെങ്കിലും ദോഷം ഉദ്ദേശിച്ചാല്‍ അയാളുടെ ദേഷത്തിനുള്ള ശിക്ഷ വേഗം കൊടുക്കില്ല. അന്ത്യനാളിലേക്കു മാറ്റിവയ്ക്കും. ഇഹലോകത്തെ ശിക്ഷ താങ്ങാന്‍ കഴിയുന്നതാണെങ്കില്‍ പരലോകത്തെ ശിക്ഷ അസഹനീയമാണ്. അപ്പോള്‍ ഇഹലോകത്തുവച്ചു ലഭിക്കുന്ന പരീക്ഷങ്ങള്‍തന്നെയല്ലേ ലാഭകരം..
പരീക്ഷണങ്ങള്‍ വരുത്തരുതേ എന്നല്ല. പരീക്ഷണങ്ങള്‍ താങ്ങാനുള്ള ശേഷി തരേണമേ എന്നാണു പ്രാര്‍ത്ഥിക്കേണ്ടണ്ടത്. പരീക്ഷണങ്ങള്‍ താങ്ങാനുള്ള ശേഷി ലഭിച്ചാല്‍ രക്ഷപ്പെട്ടു. പിന്നീടുള്ള കാലം അനുഗ്രഹപൂര്‍ണമായ ജീവിതത്തിലായിരിക്കും.
പ്രയാസങ്ങള്‍ വരുമ്പോള്‍ കഷ്ടപ്പെട്ടു എന്നല്ല, രക്ഷപ്പെട്ടു എന്നു പറഞ്ഞോളൂ.. ക്ഷമിക്കുകയാണെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാനാണ്. സൗഖ്യങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂവെങ്കില്‍ പേടിച്ചോളൂ, നിങ്ങള്‍ക്കുള്ള ശിക്ഷകളും മറ്റും ദൈവം പിന്നീട് നല്‍കാനായി മാറ്റിവച്ചതായിരിക്കാം.
ഒരു രാത്രി നേരത്തെ പനി ഒരു വര്‍ഷത്തെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണെന്ന് പ്രവാചകാനുചരന്‍ അബുദ്ദര്‍ദാഅ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."