ജോണ്‍സന്റെ എല്‍.ഇ.ഡി യൂണിറ്റ് മന്ത്രി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു
പേരാമ്പ്ര : പെരുവണ്ണാമൂഴിയിലെ മഠത്തിനകത്ത് ജോണ്‍സന്റെ എല്‍.ഇ.ഡി യൂണിറ്റ് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. എഴുപത്തഞ്ച് ശതമാനത്തിലധികം ഭിന്നശേഷിക്കാരനായ ജോണ്‍സന്‍ സ്വപ്രയത്‌നത്തിലൂടെ വികസിപ്പിച്ചെടുത്ത എല്‍.ഇ.ഡി ബള്‍ബുകള്‍, എല്‍.ഇ.ഡി തെരുവു വിളക്കുകള്‍, സോളാര്‍ എല്‍.ഇ.ഡി എമര്‍ജന്‍സികള്‍ എന്നിവയാണ് തന്റെ കൊച്ചു വീടിനോട് ചേര്‍ന്ന നിര്‍മാണ യൂണിറ്റില്‍ നിര്‍മിക്കുന്നത്.
ഇരുപത്തിയഞ്ച് വര്‍ഷമായി ചെറുകിട വ്യവസായ യൂണിറ്റായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്നതാണിത്. 2004 ലാണ് എല്‍.ഇ.ഡിയെ വെളിച്ചത്തിന്റെ ആവശ്യത്തിനായി ജോണ്‍സണ്‍ ഉപയോഗിച്ചു തുടങ്ങിയത്. നിലവില്‍ വെളിച്ചത്തിനായി ഉപയോഗിക്കുന്ന ബള്‍ബുകളെക്കാള്‍ വൈദ്യുതി ലാഭിക്കാവുന്നതും അന്തരീക്ഷ മലിനീകരണം കുറവുള്ളതുമാണ് ഇവിടെ നിര്‍മിക്കുന്ന വൈദ്യുത ഉപകരണങ്ങളെന്ന് ജോണ്‍സന്‍ മന്ത്രിയെ ധരിപ്പിച്ചു.
ഇവ ദീര്‍ഘകാലം ഉപയോഗിക്കാവുന്നതുമാണ്. വന്‍കിട കുത്തക കമ്പനികള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുന്നതിന് ആവശ്യമായ യാതൊരു സഹായവും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നതും ജോണ്‍സണ്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്‍.ഇ.ഡി നിര്‍മാണത്തിനാവശ്യമായ പരിശീലനവും സാങ്കേതികവിദ്യയും കുടുംബശ്രീ സ്വാശ്രയ സംഘങ്ങള്‍ ചെറുകിട വ്യവസായ സംരംഭകര്‍ എന്നിവര്‍ക്കു യൂണിറ്റിനു കീഴില്‍ നല്‍കുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇവ നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു തരണമെന്നും ജോണ്‍സന്‍ ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും ഇത്തരം യൂണിറ്റുകള്‍ സ്ഥാപിച്ചാല്‍ തൊഴില്‍രഹിതര്‍ക്ക് ജോലിയും വരുമാനവും ലഭ്യമാക്കാനാവും. ഇതോടൊപ്പം അന്തരീക്ഷ മലിനീകരണം ഗണ്യമായി തടയുകയും ചെയ്യാം. മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവര്‍ക്ക് നല്‍കാനുള്ള നിവേദനങ്ങളും രാമകൃഷ്ണന് നല്‍കി.
ജോണ്‍സന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ യൂണിറ്റും തൊഴില്‍ പരിശീലന കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു. മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."