ആളിയാര്‍ ജലപ്രശ്‌നം: ചിറ്റൂര്‍ താലൂക്കില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റി
പാലക്കാട്: ആളിയാര്‍ ജലപ്രശ്‌നം സംബന്ധിച്ച് 17ന് ചിറ്റൂര്‍ താലൂക്കില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു. ആളിയാര്‍ പറമ്പിക്കുളം ജലസംരക്ഷണ സമരസമിതി അംഗങ്ങളുമായി ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി.തോമസ്, ജില്ലയുടെ ചുമതലയുള്ള എ.കെ ബാലന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തിരുമാനം. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച 19ന് നടക്കും.
പറമ്പിക്കുളം, ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം നല്‍കാത്ത തമിഴ്‌നാടിന്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരേയാണ് സംയുക്ത സമരസമിതി രൂപീകരിച്ച് ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിഷയം ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ലോക മലയാള സഭയുടെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രിക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല.
ജനുവരി 19വരെ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന അളവില്‍ വെള്ളം നല്‍കാമെന്ന് തമിഴ്‌നാട് ഉറപ്പു നല്‍കിയതായി മന്ത്രിമാര്‍ അറിയിച്ചു. 19ന് തമിഴ്‌നാട്-കേരള ചീഫ് സെക്രട്ടറിതല ചര്‍ച്ച തിരുവനന്തപുരത്ത് നടക്കും. ചര്‍ച്ചയില്‍ കേരളത്തിന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ നിലപാടെടുക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
15 വരെ മാത്രമേ വെള്ളം നല്‍കൂവെന്നായിരുന്നു തമിഴ്‌നാടിന്റെ നിലപാട്. ഇതിനെതിരേയായിരുന്നു സമരസമിതി പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഇ.എന്‍. രവീന്ദ്രന്‍, കെ. ചെന്താമര, അഡ്വാ. വി. മുരുകദാസ്, ജയപാലന്‍, ഹരി പ്രകാശ്, വി. ബാബു, ഷിഹാബുദ്ദിന്‍, എസ്. സുധീഷ്, കണക്കമ്പാറ ബാബു, ഭാസ്‌ക്കരന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രണ്ടു മന്ത്രിമാരെ കൂടാതെ എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, കെ.വി വിജയദാസ് എന്നിവരും ജലസേചന വകുപ്പ് ജീവനക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."