തളിപ്പറമ്പിലെ റേഷന്‍ കടകള്‍ പരിസ്ഥിതി സൗഹൃദമാകുന്നു
തളിപ്പറമ്പ്: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതോടൊപ്പം തളിപ്പറമ്പ് താലൂക്കിലെ 257 റേഷന്‍ കടകളും പരിസ്ഥിതി സൗഹൃദമാകും. ഇന്നലെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസറും ജീവനക്കാരും റേഷന്‍ വ്യാപാരി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ചില വ്യാപാരികള്‍ പ്ലാസ്റ്റിക്ക് കാരി ബാഗില്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിര യോഗം വിളിച്ചത്. പുതിയ തീരുമാനപ്രകാരം റേഷന്‍ കടകളില്‍ ഇനിമുതല്‍ പ്ലാസ്റ്റിക് കാരി ബാഗില്‍ സാധനങ്ങള്‍ വിതരണം ചെയ്യില്ല. സപ്ലൈ ഓഫിസ് ജീവനക്കാരും പ്ലാസ്റ്റിക് പൂര്‍ണമായും ഉപേക്ഷിക്കും. വളരെ ചെറിയ ശതമാനം ആള്ക്കാര് മാത്രമാണ് ഇപ്പോള്‍ തുണിസഞ്ചി ഉപയോഗിച്ചു വരുന്നത്. റേഷന്‍ വ്യാപാരികള്‍ക്കൊപ്പം താലൂക്കിലെ മറ്റു വ്യാപാരികളും സഹകരിച്ചാല്‍ തളിപ്പറമ്പിനെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ കഴിയുമെന്നും എല്ലാ കാര്‍ഡുടമകളും ഇനി മുതല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ തുണി സഞ്ചികള്‍ കയ്യില്‍ കരുതണമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് സാബു ജോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."