പിടിച്ചുനിര്‍ത്തി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന നിലയില്‍
സെഞ്ചൂറിയന്‍: അവസാന സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയും രണ്ട് റണ്ണൗട്ടുകള്‍ സൃഷ്ടിച്ചും ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന നിലയില്‍. അവസാന പത്തോവറില്‍ 24 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് 77 പന്തുകള്‍ നേരിട്ട് 24 റണ്‍സുമായി ക്രീസിലുള്ളത് ആതിഥേയര്‍ക്ക് ആശ്വാസം നല്‍കുന്നു.
പത്ത് റണ്‍സുമായി കേശവ് മഹാരാജാണ് ക്യാപ്റ്റന് കൂട്ടായി ക്രീസിലുള്ളത്. ഡീന്‍ എല്‍ഗാര്‍ (31), മാര്‍ക്രം (94), ഹാഷിം അംല (82), ഡിവില്ല്യേഴ്‌സ് (20), ക്വിന്റന്‍ ഡി കോക്ക് (പൂജ്യം), ഫിലാന്‍ഡര്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. പേസിനെ തുണയ്ക്കുമെന്ന് പ്രതീക്ഷിച്ച പിച്ചില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സ്പിന്നര്‍ ആര്‍ അശ്വിനാണ് താരമായത്. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റെടുത്തു.
ഓപണര്‍ ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലിനേയും വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലിനേയും ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മയേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അജിന്‍ക്യ രഹാനെയെ ഇത്തവണയും പുറത്തിരുത്തി.
ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ സെഷനില്‍ കരുതലോടെയാണ് മുന്നേറിയത്. ഓപണര്‍മാര്‍ മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. സ്‌കോര്‍ 85ല്‍ വച്ച് എല്‍ഗാറിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീട് രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാര്‍ക്രം- അംല കൂട്ടുകെട്ടും പിടിമുറുക്കി മുന്നേറി. സ്‌കോര്‍ 148ല്‍ എത്തിയപ്പോള്‍ അശ്വിന്‍ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരം നല്‍കി. കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ മാര്‍ക്രം വീണു. ഡിവില്ല്യേഴ്‌സും അല്‍പ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മുന്‍ നായകന്‍ 20 റണ്‍സുമായി മടങ്ങി.
ഇഷാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. അതിനിടെ അംലയുടെ അപ്രതീക്ഷിത റണ്ണൗട്ട് ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റത്തെ ബാധിച്ചു. പിന്നാലെയെത്തിയ ക്വിന്റന്‍ ഡി കോക്കിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ കോഹ്‌ലിയുടെ കൈകളിലെത്തിച്ച് അശ്വിന്‍ വീണ്ടും കരുത്തുകാട്ടി. തൊട്ടുപിന്നാലെ തന്നെ ഫിലാന്‍ഡര്‍ കൂടി റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക കൂടുതല്‍ പ്രതിരോധത്തിലായി. എങ്കിലും ഡുപ്ലെസിസ്- മഹാരാജ് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഒന്നാം ദിനത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."