മലപ്പുറം കാന്‍സര്‍ സെന്റര്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു; അസ്തമിച്ചത് 42 ലക്ഷം ജനങ്ങളുടെ പ്രതീക്ഷ
മലപ്പുറം: അര്‍ബുദ ചികിത്സാ രംഗത്ത് മലബാറിന് ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ ഉപേക്ഷിച്ചു. സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്ക് മതിയായ സൗകര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി വേണ്ടെന്ന് വയ്ക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ എന്നിവ കൂടാതെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയ്ക്കു സൗകര്യമുണ്ടെന്നും അതിനാല്‍ മലപ്പുറത്ത് പ്രഖ്യാപിച്ച കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുകയാണന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലാണ് കൂടുതല്‍ അര്‍ബുദ രോഗികളുള്ളതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി രംഗത്തെത്തിയത്. പാണക്കാട് ഇന്‍കെലില്‍ ഇതിനായി വ്യവസായ വകുപ്പ് 25 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിന്റെയും (ആര്‍.സി.സി) തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെയും മാതൃകയില്‍ അത്യാധുനിക സൗകര്യത്തില്‍ 300 കിടക്കകളോടെ 340 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായിരുന്നു പദ്ധതി.
ആദ്യഘട്ടം മൂന്നു വര്‍ഷത്തിനകവും രണ്ടാംഘട്ടം അഞ്ചു വര്‍ഷത്തിനകവും പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. 2015 മുതല്‍ പദ്ധതിയുടെ പേരില്‍ പ്രൊജക്ട് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. പ്രാഥമിക നടപടികള്‍ക്ക് 10 ലക്ഷം രൂപയും തുടര്‍ന്ന് കെ.എസ്.ഐ.ഡി.സി നല്‍കിയ ഒരു കോടി രൂപയും ചെലവഴിച്ച് ഭൂസര്‍വേയും പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കലും നടന്നു. 6.50 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലായിരുന്നു കെട്ടിടനിര്‍മാണം നടത്താന്‍ തീരുമാനിച്ചിരുന്നത്. അര്‍ബുദ ചികിത്സയുടെ എല്ലാ വിഭാഗങ്ങളും മൂന്നു റേഡിയേഷന്‍ യന്ത്രങ്ങളും ഡയാലിസിസ് സൗകര്യവും മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യവും സെന്ററില്‍ ഒരുക്കാനും ഉദ്ദേശിച്ചിരുന്നു. പുനരധിവാസ സംവിധാനത്തിനും വിപുലമായ ഗവേഷണത്തിനും പദ്ധതി തയാറാക്കി. ഇതിനായി 10 കോടി രൂപ അനുവദിക്കുകയും ചെയ്തു. 2016 ഫെബ്രുവരി 21ന് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയുമുണ്ടായി.
നേരത്തെ കാന്‍സര്‍ ആശുപത്രിക്കുവേണ്ടി മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച ഭരണസമിതി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരുതവണ മാത്രമാണ് യോഗം ചേര്‍ന്നത്. കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.
പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പണം പ്രശ്‌നമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും ഉറപ്പുനല്‍കി. എന്നാല്‍, പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഒടുവില്‍ പ്രൊജക്ട് ഓഫിസ് പ്രവര്‍ത്തനത്തിനും മറ്റുമായി കോടികള്‍ പാഴാക്കിയാണ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. കൂടെ 42 ലക്ഷം ജനങ്ങളുടെ പ്രതീക്ഷയും അസ്തമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."