വിഴിഞ്ഞത്ത് തിരയില്‍പെട്ട് യുവാവിനെ കാണാതായി
വിഴിഞ്ഞം: അര്‍ധരാത്രിയില്‍ കടല്‍തീരത്തെത്തിയ നാലംഗ സുഹൃത്ത് സംഘത്തിലെ
ഒരാളെ തിരയില്‍പെട്ട് കാണാതായി. യുവാവിനായുള്ള തിരച്ചില്‍ തുടരുന്നു.
തൊടുപുഴ അറക്കുളം പന്ത്രണ്ടാം മൈല്‍ ശാന്തിനിവാസില്‍ ഗോപാലകൃഷ്ണന്റെ മകന്‍ സനൂപി(22)നെയാണ് കാണാതായത്. വിഴിഞ്ഞം ഹാര്‍ബര്‍ മതിപ്പുറത്ത് തുറമുഖ വകുപ്പിന്റെ ബൊള്ളാര്‍ഡ് പുള്‍ പരിശോധനാ സംവിധാനത്തിനടുത്ത് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ച്‌ബൊള്ളാര്‍ഡിനടുത്തുള്ള പാറക്കെട്ടിലിറങ്ങിയ സനൂപ് ശക്തമായ തിരയടിയില്‍പെടുകയായിരുന്നു. പാറക്കെട്ടിലിറങ്ങുന്നത് കൂട്ടുകാര്‍ വിലക്കിയെങ്കിലും ഫോണില്‍ സംസാരിച്ചുകൊണ്ടുനിന്ന സനൂപ് അത് ശ്രദ്ധിച്ചില്ല.
ഉടന്‍ വിഴിഞ്ഞം പൊലിസിലും തീരദേശ പൊലിസിലും അറിയിച്ചെങ്കിലും ശക്തമായ കടല്‍ക്ഷോഭവും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി. തീരദേശ പൊലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ ബോട്ടുകളും ചിപ്പിമത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ശനിയാഴ്ച രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച തിരച്ചില്‍ സന്ധ്യ വരെ തുടര്‍ന്നു. കൂട്ടുകാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അരുണ്‍(22), കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ഋഷികേശ്(22) എന്നിവര്‍ക്കൊപ്പം വിഴിഞ്ഞം പോസ്‌റ്റോഫീസിനു സമീപം താമസിക്കുന്ന ജയറാമി(21)ന്റെ വീട്ടിലെത്തിയതായിരുന്നു സനൂപ്.
രാത്രി പതിനൊന്നിനു ശേഷമായിരുന്നു ഇവര്‍ ഹാര്‍ബര്‍ മതിപ്പുറത്തെത്തിയത്. കെല്‍ട്രോണില്‍ വീഡിയോ എഡിറ്റിങ് പഠനം പൂര്‍ത്തിയാക്കിയ സനൂപ് പേരൂര്‍ക്കടയിലായിരുന്നു താമസം. തിരച്ചില്‍ ഇന്നും തുടരുമെന്ന് തീരദേശ പൊലിസ് അറിയിച്ചു.
ബൊള്ളാര്‍ഡിനടുത്തുള്ള പാറക്കെട്ടില്‍ അപകടം പതിവായിരിക്കുകയാണ്. ഇവിടെ പാറക്കെട്ടുകള്‍ക്ക് സമീപം വേലി കെട്ടിയിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ അത് കാര്യമാക്കാതെ കടലിലേക്ക് ഇറങ്ങുക പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."