ലോ അക്കാദമി പരിസരത്ത് ആത്മഹത്യാ ഭീഷണി, സംഘര്‍ഷം; ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: ലോ അക്കാദമി പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. മണക്കാട് സ്വദേശി അബ്ദുല്‍ ജബ്ബാറാണ് മരിച്ചത്. സമരപ്പന്തലിനു മുന്നിലൂടെ പോകവെ സംഘര്‍ഷത്തില്‍ പെടുകയായിരുന്നു ജബ്ബാര്‍ എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടു സമരം നടക്കുന്ന അക്കാദമി പരിസരത്ത് എബിവിപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
മരത്തിനു മുകളില്‍ കയറിയാണ് എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ഥി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിദ്യാര്‍ഥിയെ പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് താഴെയിറക്കി. കയറുകൊണ്ടുള്ള കുരുക്കും തയാറാക്കിയാണ് വിദ്യാര്‍ഥി മരത്തില്‍ കയറിയത്.
ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥി മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. അനുനയിപ്പിച്ച് താഴെയിറക്കാന്‍ പൊലിസും ഫയര്‍ഫോഴ്‌സും ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി വഴങ്ങിയില്ല. ഒടുവില്‍ ബലപ്രയോഗത്തിലൂടെ പൊലിസ് ഇയാളെ താഴെയിറക്കുകയായിരുന്നു.
പിന്നീട്, നിരാഹാരസമരം നടത്തുന്ന കെ. മുരളീധരന്‍ എം.എല്‍.എയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി.
ദേഹത്ത് പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനുനേരെ ഫയര്‍ഫോഴ്‌സ് വെള്ളമൊഴിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പൊലിസിനു നേരേ കല്ലെറിഞ്ഞു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. പിന്നീട് നേതാക്കള്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.
സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."