ടി20യിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചെടുത്ത് ഡല്‍ഹി താരം
ന്യൂഡല്‍ഹി: കുട്ടി ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന അപൂര്‍വ നേട്ടം ആദ്യമായി സ്വന്തമാക്കി ഡല്‍ഹി ബാറ്റ്‌സ്മാന്‍ ചരിത്രമെഴുതി. ടി20യില്‍ 300 റണ്‍സടിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മോഹിത് അഹ്‌ലവാട്ടാണ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
ടി20യില്‍ മാത്രമല്ല ക്രിക്കറ്റിന്റെ പരിമിത ഓവര്‍ ഫോര്‍മാറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി കൂടിയാണു 21കാരനായ താരം അടിച്ചെടുത്തത്. ഡല്‍ഹി ലളിത പാര്‍ക്കില്‍ നടന്ന പ്രാദേശിക ടി20 ടൂര്‍ണമെന്റിലാണു മാവി ഇലവനായി ഇറങ്ങിയ മോഹിത് ഫ്രന്‍ഡ്‌സ് ഇലവനെ തന്റെ ബാറ്റിങ് മികവില്‍ തൂത്തെറിഞ്ഞത്.
72 പന്തുകള്‍ മാത്രം നേരിട്ട മോഹിത് 39 സിക്‌സും 14 ഫോറുകളാണു മൈതാനത്തിന്റെ നാലു ഭാഗത്തുമായി നിക്ഷേപിച്ചത്. 18 ഓവറില്‍ 250 റണ്‍സിലെത്തിയ മോഹിത് അവസാന അമ്പതിലേക്കെത്താന്‍ ചെലവാക്കിയത് വെറും പന്ത്രണ്ട് പന്തുകള്‍. ആദ്യ ആറു പന്തില്‍ 18 റണ്‍സ് വാരിയ താരം അവസാന ആറു പന്തില്‍ നേടിയത് 34 റണ്‍സ്. അവസാന ഓവറില്‍ തുടര്‍ച്ചയായ അഞ്ചു സിക്‌സറുകളാണു സ്റ്റേഡിയത്തിന്റെ മുകളിലേക്ക് പറന്നത്. ഓവര്‍ തീരുമ്പോള്‍ 72 പന്തില്‍ മൂന്നൂറ് റണ്‍സുമായി മോഹിത് പുറത്താകാതെ നിന്നു.
മോഹിതിന്റെ മികവില്‍ മാവി ഇലവന്‍ 20 ഓവറില്‍ 416 റണ്‍സ് നേടി. മോഹിതിനൊപ്പം മാവിയുടെ ഗൗരവ് 39 പന്തില്‍ 86 റണ്‍സ് സംഭാവന നല്‍കി. മത്സരത്തില്‍ മാവി 216 റണ്‍സിന്റെ കൂറ്റന്‍ ജയവും പിടിച്ചു.
അന്താരാഷ്ട്ര തലത്തില്‍ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലാണ്. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനായി നേടിയ 175 റണ്‍സാണ് നിലവിലെ ഉയര്‍ന്ന ടി20 സ്‌കോര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."