മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ സി.ഐ.ടി.യു തൊഴിലാളികള്‍ ആക്രമിച്ചു
നെയ്യാറ്റിന്‍കര: അനധികൃത സമാന്തര സര്‍വീസുകള്‍ പിടികൂടാനായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചുമതലപ്പെടുത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ സി.ഐ.ടി.യു തൊഴിലാളികള്‍ ആക്രമിച്ചു. ആറ്റിങ്ങല്‍ ആര്‍.ടി ഓഫിസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശങ്കരപിളള (43) , അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫിറോസ് (39), ബിജു (36) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരക്കായിരുന്നു സംഭവം.
ആറ്റിങ്ങല്‍ ആര്‍.ടി.ഓഫിസില്‍ നിന്നും വാഹനപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട സംഘം അമരവിളയില്‍ നിന്നും ഉദിയന്‍കുളങ്ങരയില്‍ നിന്നും വേണ്ടത്ര രേഖകള്‍ ഇല്ലാതെ നിരത്തിലോടിയ രണ്ടു വാഹനങ്ങള്‍ പിടികൂടിയിരുന്നു. ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശപ്രകാരം പാറശാല കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതിനു ശേഷം വീണ്ടും വാഹന പരിശോധനയ്ക്ക് പുറപ്പെട്ട ഉദ്യോഗസ്ഥ സംഘത്തെ അമരവിള പാലത്തിനു സമീപത്തുവച്ച് പത്തോളം വരുന്ന സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കുറു തടിയും കമ്പികളുമായെത്തി വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു. പരുക്കേറ്റ ജീവനക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."