പ്രതീക്ഷ കോഹ്‌ലിയില്‍
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 335 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന നിലയില്‍. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 152 റണ്‍സ് കൂടി വേണം. 85 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ചുമലിലാണ് ഇന്ത്യയുടെ ഭാവി. 11 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യ നായകന് കൂട്ടായി ക്രീസിലുണ്ട്.
രണ്ടാം ദിനമായ ഇന്നലെ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യയുടെ തടക്കം തകര്‍ച്ചയോടെയായിരുന്നു. 28 റണ്‍സില്‍ വച്ച് ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ധവാന് പകരം ഓപണറായി ഇറങ്ങിയ രാഹുല്‍ പരാജയമായി. താരം 10 റണ്‍സുമായി മടങ്ങി. പിന്നീട് ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍സെടുക്കാനുള്ള ആവേശത്തില്‍ ഓടി റണ്ണൗട്ടായി. അരങ്ങേറ്റ താരം ലുംഗി എംഗിഡിയുടെ നേരിട്ടുള്ള ഏറിലാണ് പൂജാര മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ഓപണര്‍ വിജയിക്ക് കൂട്ടായി നായകന്‍ കോഹ്‌ലി ക്രീസിലെത്തിയതോടെ ഇന്ത്യ ട്രാക്കിലായി. ഇരുവരും സൂക്ഷ്മതയോടെ കളിച്ച് മുന്നേറി ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 107ല്‍ നില്‍ക്കേ മുരളി വിജയിയെ വീഴ്ത്തി കേശവ് മഹാരാജ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഒരറ്റത്ത് കോഹ്‌ലി നിലയുറപ്പിച്ചെങ്കിലും രോഹിത് ശര്‍മ പത്ത് റണ്‍സുമായി മടങ്ങി ഇത്തവണയും നിരാശപ്പെടുത്തി. പിന്നാലെയെത്തിയ പാര്‍ഥിവ് പട്ടേല്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും താരത്തിന്റെ ഇന്നിങ്‌സും അധികം നീണ്ടില്ല. എന്‍ഗിഡിക്ക് ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സമ്മാനിച്ച് പാര്‍ഥിവ് മടങ്ങി. 32 പന്തില്‍ 19 റണ്‍സാണ് പാര്‍ഥിവ് സ്വന്തമാക്കിയത്. 130 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി 85 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നത്. എട്ട് ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി ടെസ്റ്റിലെ 16ാം അര്‍ധ സെഞ്ച്വറി തികച്ചത്. ഹര്‍ദിക് പാണ്ഡ്യ 29 പന്തിലാണ് 11 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ്, മോണ്‍ മോര്‍ക്കല്‍, റബാഡ, എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് പൊരുതി നിന്നു. 54 പന്തില്‍ 18 റണ്‍സുമായി കേശവ് മഹാരാജും 34 പന്തില്‍ 11 റണ്‍സുമായി റബാഡയും ക്യാപ്റ്റനെ പിന്തുണച്ചതോടെ അവരുടെ സ്‌കോര്‍ 300 കടന്നു. സ്‌കോര്‍ 333ല്‍ നില്‍ക്കെ ഒന്‍പതാം വിക്കറ്റായി ഡുപ്ലെസിസിനെ ഇഷാന്ത് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കി. 142 പന്തുകള്‍ നേരിട്ട് ഡുപ്ലെസിസ് ഒന്‍പത് ഫോറുകളുമായി 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ പുറത്തായ ശേഷം രണ്ട് റണ്‍സ് കൂടി ചേര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 335ല്‍ അവസാനിച്ചു. ആദ്യ ദിനത്തില്‍ ഡീന്‍ എല്‍ഗാര്‍ (31), മാര്‍ക്രം (94), ഹാഷിം അംല (82), ഡിവില്ല്യേഴ്‌സ് (20), ക്വിന്റന്‍ ഡി കോക്ക് (പൂജ്യം), ഫിലാന്‍ഡര്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്‍ നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.
100 വിക്കറ്റുകള്‍ തികച്ച് ഷമി
സെഞ്ചൂറിയന്‍: ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ തികച്ച് ഇന്ത്യയുടെ മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജിനെ പുറത്താക്കിയാണ് ഷമി വിക്കറ്റില്‍ ശതകം കുറിച്ചത്. കേപ് ടൗണിലെ ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമി സെഞ്ചൂറിയനില്‍ കളിക്കാനിറങ്ങിയത്. 29ാം ടെസ്റ്റില്‍ 27കാരനായ താരം നേട്ടം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."