ശമ്പളവുമില്ല, ജോലിയുമില്ല: ആരോഗ്യ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ സമരത്തിന്
മാനന്തവാടി: ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ആരോഗ്യ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ കിട്ടാനുള്ള ശമ്പളത്തിനായി പ്രക്ഷോഭത്തിനൊരുങ്ങുന്നു. അനിശ്ചിതകാല നിരാഹാരമുള്‍പ്പെടെയുള്ള സമരങ്ങള്‍ക്കാണ് ജീവനക്കാര്‍ പദ്ധതിയിടുന്നത്.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ശുചീകരണ ജോലി എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്ന 35 ഓളം പേരാണ് ജോലിയില്ലാതെ നിലവില്‍ വലയുന്നത്. 2015 ജൂലായിലാണ് ഇവരെ മഴക്കാലത്തെ പകര്‍ച്ചവ്യാധി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചത്. തുടക്കത്തില്‍ എല്ലാ മാസവും ശമ്പളം നല്‍കിയിരുന്നെങ്കിലും പിന്നീടിത് നാലും അഞ്ചും മാസം കൂടുമ്പോഴായി. 2016 സെപ്റ്റംബര്‍ വരെയുള്ള എട്ട് മാസത്തോളം ശമ്പള കുടിശ്ശിക നിലനില്‍ക്കെ അതേ മാസം 30ന് ഇവരെ പിരിച്ചുവിടുകയായിരുന്നു. ശുചീകരണ ജോലിക്കാര്‍ക്ക് 8500 രൂപയായിരുന്നു വേതനം. 2016 ഏപ്രിലില്‍ അത് വര്‍ധിപ്പിച്ചു.
എന്നാല്‍ ശമ്പളം നല്‍കിയിരുന്ന കാലത്ത് വിവിധ കാരണങ്ങള്‍ പറഞ്ഞ് പകുതി ശമ്പളം മാത്രമാണ് നല്‍കിയത്. ഓണം അലവന്‍സായി അനുവദിച്ച 910 രൂപ പോലും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.
വിഷയങ്ങള്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ ഈമാസം 10 മുതല്‍ ഡി.എം.ഒ ഓഫിസിന് മുന്നില്‍ മരണം വരെ നിരാഹാര സമരമിരിക്കുമെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്കുന്ന ലളിതാ വത്സന്, കെ.പി സുനിഷ, പി.സി ഷീബ, എ.കെ ബിന്ദു എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."