തുറന്ന ജയിലിലെ ഗോപൂജ: ജയില്‍ സൂപ്രണ്ടിനോട് ഡി.ഐ.ജി വിശദീകരണം തേടി
ചീമേനി: തുറന്ന ജയിലില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഗോപൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഉത്തരവിട്ടു.
ജയില്‍ ഡി.ഐ.ജി ശിവദാസന്‍ തൈപ്പറമ്പില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അന്വേഷണത്തിന് ആര്‍. ശ്രീലേഖ ഉത്തരവിട്ടിരിക്കുന്നത്. തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി തുറന്ന ജയിലിനകത്ത് പുതുതായി തടവുകാര്‍ നിര്‍മിച്ച ഗോശാലയില്‍ കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല അധികൃതര്‍ കുള്ളന്‍ പശുക്കളെ കൈമാറുന്ന ചടങ്ങിനിടയില്‍ ഗോപൂജ നടത്തിയത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
പൂജ നടത്തിയ വിവരം പുറത്തു വന്നതോടെ ഇതിനെതിരേ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഗോപൂജ നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നു ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസം ജയില്‍ കവാടത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു.
പശുക്കളെ കൈമാറുന്ന ചടങ്ങിനിടയില്‍ സ്വാമിയും സംഘവും ഗോപൂജ നടത്തുകയും സംഘ്പരിവാര്‍ അനുകൂലികളായ തടവുകാര്‍ ഗോമാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വന്‍ വിവാദമായത്.
ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ഡി.ഐ.ജിയെ നിയോഗിച്ചത്. ജയിലിലുണ്ടായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ടിന് പുറമെ വെല്‍ഫയര്‍ ഓഫിസറോടും ഡി.ഐ.ജി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
പുറമെയുള്ള സ്ഥാപനങ്ങളില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ സംഭാവനകള്‍ സ്വീകരിക്കുന്നത് ചട്ട ലംഘനമാണെന്നു ഓര്‍മ്മിപ്പിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ ചീമേനി തുറന്ന ജയില്‍ അടക്കം സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഇതിനകം എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."