സ്വര്‍ണ മാല പൊട്ടിച്ച മോഷ്ടാവിനെ വീട്ടമ്മ കറിക്കത്തിക്ക് വെട്ടി
ചങ്ങനാശ്ശേരി: വീട്ടമ്മയെ അക്രമിച്ച് അഞ്ചുപവന്റെ സ്വര്‍ണമാല പൊട്ടിച്ച മോഷ്ടാവിനെ വീട്ടമ്മ കറിക്കത്തിക്കു വെട്ടി. മുറിവേറ്റു രക്തമൊലിപ്പിച്ച യുവാവ് രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 9.30ന് മാമ്മൂടിനടുത്ത് ചൂരനോലിക്കല്‍ ഭാഗത്താണ് സംഭവം. തിനപ്പറമ്പില്‍ പരേതനായ കോശിയുടെ ഭാര്യ അന്നമ്മ(കുഞ്ഞമ്മ-75)യുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്.ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് വീടിന്റെ സമീപത്ത് ബൈക്ക് പാര്‍ക്ക് ചെയ്തശേഷം വീട്ടിനുള്ളില്‍ പ്രവേശിച്ച് അടുക്കളയില്‍ കപ്പപൊളിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തു.വീട്ടമ്മ എതിര്‍ത്തപ്പോള്‍ മോഷ്ടാവ് അക്രമിക്കുകയും ബഹളംവച്ചപ്പോള്‍ വായ് പൊത്തുകയും ചെയ്തു. ഇതിനിടയില്‍ വീട്ടില്‍ നിന്നും മോഷ്ടാവ് ഇറങ്ങി ഓടി. പിന്നാലെ ഓടിയെത്തിയ അന്നമ്മ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ കറിക്കത്തികൊണ്ട് വെട്ടി.
കൈക്ക്പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ തൃക്കൊടിത്താനം പോലിസില്‍ വിവരം അറിയിച്ചു.പോലിസ് എത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചില്ല. മകന് ജോലി സ്ഥലത്തായതിനാല്‍ അന്നമ്മ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. ഡിവൈഎസ്പി വി അജിത്, സിഐ ബിനു വര്‍ഗീസ്, തൃക്കൊടിത്താനം എസ്ഐ പി കെ രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."