സ്പാനിഷ് കപ്പ്: ബാഴ്‌സലോണ ഫൈനലില്‍
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ കപ്പില്‍ വമ്പന്‍മാരായ ബാഴ്‌സലോണ ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയെ 1-1ന് സമനിലയില്‍ കുരുക്കിയെങ്കിലും ഇരുപാദങ്ങളിലുമായി 3-2ന് അത്‌ലറ്റിക്കോയെ മറികടക്കുകയായിരുന്നു ബാഴ്‌സ. ലൂയി സുവാരസാണ് രണ്ടാം പാദത്തില്‍ ബാഴ്‌സയ്ക്ക് നിര്‍ണായകമായ ഗോള്‍ നേടിക്കൊടുത്തത്. അതേസമയം റഫറി നിരന്തരം കാര്‍ഡുകള്‍ പുറത്തെടുത്ത മത്സരത്തില്‍ ബാഴ്‌സലോണയുടെ സെര്‍ജി റോബര്‍ട്ടോയും സുവാരസും അത്‌ലറ്റിക്കോയുടെ യാന്നിക്ക് ഫെരേരയും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയി.
നിര്‍ണായകമായ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരമായിരുന്നിട്ട് കൂടി വേണ്ടത്ര മികവിലേക്കുയരാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല. അതോടൊപ്പം നിര്‍ണായക സമയത്ത് രണ്ടു താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ടതും തിരിച്ചടിയായി. 43ാം മിനുട്ടില്‍ ലൂയി സുവാരസ് ബാഴ്‌സയ്ക്കായും 83ാം മിനുട്ടില്‍ കെവിന്‍ ഗമെയ്‌റോ അത്‌ലറ്റിക്കോയ്ക്കായും സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികച്ച മുന്നേറ്റങ്ങള്‍ അതിലും മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് സാധിച്ചു.
ആദ്യ പകുതിയില്‍ മുന്നേറ്റം കൊണ്ടും പ്രതിരോധം കൊണ്ടും ബാഴ്‌സയെ ഞെട്ടിക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സുവാരസിന്റെ ഗോള്‍ അവര്‍ക്ക് മുന്‍തൂക്കം നിഷേധിച്ചു. 57ാം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ അത്‌ലറ്റിക്കോ ആക്രമണം ശക്തിപ്പെടുത്തി. പക്ഷേ അപ്രതീക്ഷിതമായി കരാസ്‌ക്കോ പുറത്തായതോടെ അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടി നേരിട്ടു. സുവാരസിന്റെ ഗോളില്‍ ബാഴ്‌സ ജയിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ഗമെയ്‌റോ അത്‌ലറ്റിക്കോയ്ക്ക് സമനില ഗോള്‍ നേടിക്കൊടുത്തത്. 90ാം മിനുട്ടില്‍ സുവാരസിന് ചുവപ്പു കാര്‍ഡ് ലഭിച്ചെങ്കിലു ഇതു മുതലെടുക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് സാധിച്ചില്ല.
ജര്‍മന്‍ കപ്പ്:
ബയേണ്‍ ക്വാര്‍ട്ടറില്‍
മ്യൂണിക്ക്: ജര്‍മന്‍ കപ്പില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറില്‍ കടന്നു. വോള്‍വ്‌സ്ബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഡഗ്ലസ് കോസ്റ്റ ബയേണിന്റെ വിജയഗോള്‍ സ്വന്തമാക്കി. മത്സരത്തിന്റെ 17ാം മിനുട്ടില്‍ 20 വാര അകലെ നിന്ന് കോസ്റ്റ തൊടുത്ത ഷോട്ടാണ് വലയില്‍ കയറിയത്.
മത്സരത്തില്‍ പ്രമുഖ താരങ്ങളായ വലാരിന്‍ ഇസ്മായില്‍, ഡീഗോ ബെനാഗ്ലിയോ, ജെഫ്രി ബ്രൂമ, മരിയോ ഗോമസ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് വോള്‍വ്‌സ്ബര്‍ഗ് കളത്തിലിറങ്ങിയത്. ഇത് അവരുടെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. മത്സരത്തിന്റെ തുടക്കം തൊട്ട് മുന്നേറ്റങ്ങള്‍ നടത്താന്‍ ടീം കഷ്ടപ്പെട്ടു. ഇതോടെ പ്രതിരോധത്തിനാണ് ടീം മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ കോസ്റ്റയുടെ ഗോള്‍ വോള്‍വ്‌സിനെ തുടക്കത്തില്‍ തന്നെ തിരിച്ചടിയാവുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ മോണ്‍ചെന്‍ഗ്ലേഡ്ബാച്ച് എതിരില്ലാത്ത രണ്ടു ഗോളിന് ഗ്രൂതര്‍ ഫര്‍തിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."