പ്രധാനമന്ത്രിയുടെ പി.എ.ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍
ഷൊര്‍ണൂര്‍: പ്രധാനമന്ത്രിയുടെ പി.എ.ചമഞ്ഞ് വിവിധയിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ വിരുതന്‍ ഷൊര്‍ണൂര്‍ പൊലിസിന്റെ പിടിയിലായി. തൃശൂര്‍ ചേലക്കര കൊണ്ടാഴി മണിയങ്കാട്ടില്‍ എം.ബി.സുധീര്‍ (44) ആണ് പിടിയിലായത്. ഷൊര്‍ണൂര്‍ എസ്.ഐ എം.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആയുര്‍വേദ മരുന്നിനുള്ള ലൈസന്‍സ് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് തൃശൂര്‍ വാഴക്കോട് സ്വദേശി അബൂബക്കറില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിച്ച കേസില്‍ വടക്കാഞ്ചേരി കോടതിയില്‍ നിന്ന് ജാമ്യമെടുക്കാന്‍ ഇന്നലെ എത്തിയപ്പോഴാണ് ഇയാളെ പൊലിസ് പിടികൂടിയത്. ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശി ശശിധരന്റെ ഭാര്യ രാഗിണിയുടെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസ് സുപ്രിം കോടതിയിലേക്ക് മാറ്റി സെറ്റില്‍ ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് ആറരലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കിയിട്ടുണ്ട്. ചെറുതുരുത്തി പൈങ്കുളം സ്വദേശി ഷീലയുടെ പക്കല്‍ നിന്ന് ബാങ്ക് ലോണ്‍, പി.എച്ച്.ഡി.ക്ക് സീറ്റ്, മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ മെമ്പര്‍ഷിപ്പ് എന്നിവക്കായി പന്ത്രണ്ടു ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തതായി പൊലിസ് പറഞ്ഞു. കൂടാതെ കരസേനയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശി കാര്‍ത്തിക്കിന്റെ പക്കല്‍ നിന്ന് ഒരു ലക്ഷം രൂപയും പട്ടാമ്പി കുലുക്കല്ലൂര്‍ സി.വി.എം.കളരി സംഘത്തിന് ആയുര്‍വേദ മരുന്ന് ലൈസന്‍സ് വാങ്ങിച്ചുകൊടുക്കാമെന്ന് പറഞ്ഞ് 40,000 രൂപയും വാങ്ങിയെന്ന പരാതിയിയില്‍ ഷൊര്‍ണൂര്‍ പൊലിസില്‍ ഇയാള്‍ക്കെതിരേ നേരത്തെ കേസുണ്ട്.
എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കേസുകള്‍ ഉള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."