ഒടുവില്‍ പബ്ലിക് ഹെല്‍ത്ത് ലാബിന് ശാപമോക്ഷം; പത്ത് തസ്തികകള്‍ സൃഷ്ടിച്ചു
മലപ്പുറം: കെട്ടിടമൊരുങ്ങിയിട്ടും ജീവനക്കാരെ നിയമിക്കാത്തത് മൂലം പ്രവര്‍ത്തനമാരംഭിക്കാതിരുന്ന മലപ്പുറത്തെ പബ്ലിക് ഹെല്‍ത്ത് ലാബിന് ഒടുവില്‍ ശാപമോക്ഷം. ലാബില്‍ പുതിയ 10 തസ്തികകള്‍ സൃഷ്ടിച്ചതായി പി.ഉബൈദുള്ള എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മെഡിക്കല്‍ ഓഫീസര്‍-ഒന്ന്, ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍-ഒന്ന്, ടെക്‌നീഷ്യന്‍ ഗ്രേഡ്-രണ്ട്, ഹോസ്പിറ്റല്‍ അറ്റന്‍ന്റ് ഗ്രേഡ്-രണ്ട്, ജൂനിയര്‍ ലാബ് അസിസ്റ്റന്റ് -രണ്ട്, എല്‍.ഡി ക്ലാര്‍ക്ക്-ഒന്ന്, പ്യൂണ്‍-ഒന്ന് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ലാബ് പ്രവര്‍ത്തനമാരംഭിക്കാത്തതുമൂലം രോഗികള്‍ ദരിതമനുമഭിവിക്കുന്നതിനെ കുറിച്ച് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിവില്‍ സ്‌റ്റേഷനിലെ താല്‍കാലിക കെട്ടിടത്തില്‍ ലാബിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ ഇരുപത്തെട്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു.
2012ല്‍ അനുമതി ലഭിച്ച ഹെല്‍ത്ത് ലാബ് കെട്ടിടം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കെട്ടിടവും മറ്റു സൗകര്യങ്ങളുമെല്ലാം ഒരുങ്ങിയിട്ടും ജീവനക്കാരെ നിയമിക്കാത്തതായിരുന്നു തടസമായി നിന്നിരുന്നത്. പബ്ലിക് ഹെല്‍ത്ത് ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പകര്‍ച്ചവ്യാധിനിര്‍ണയം വേഗത്തിലാകും. കൃത്യസമയത്ത് ചികിത്സലഭ്യമാകുന്നതിന് ഇത് ഏറെ പ്രയോജനപ്പെടും. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ നിര്‍ണയിക്കാനും എത്രമാത്രം ശരീരത്തെ ബാധിച്ചിട്ടുണ്ടെന്നും ഏതുതരമാണെന്നും എളുപ്പത്തില്‍ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ലാബിലുണ്ടാകും.
നിലവില്‍ കോഴിക്കോടിനേയും ഗൗരവതരമായ കേസുകളില്‍ തിരുവനന്തപുരം ലാബിനേയുമാണ് മലപ്പുറം ആശ്രയിക്കുന്നത്. ആശുപത്രികളില്‍നിന്ന് പരിശോധനയ്ക്കയച്ചാല്‍ ഫലംവരണമെങ്കില്‍ പലപ്പോഴും പത്തു ദിവസത്തിലധികമെടുക്കും. ഇതിനിടെ രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിട്ടുണ്ടാകും. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഹെല്‍ത്തലാബ് പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."