ഹജ്ജ് 2017: ഇന്ത്യന്‍ ഹാജിമാരുടെ കെട്ടിട പരിശോധനക്ക് മൂന്നംഗ സമിതി
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു താമസ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഹാജിമാര്‍ക്ക് താമസിക്കുന്നതിനുള്ള കെട്ടിടങ്ങളുടെ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
കെട്ടിട പരിശോധനകള്‍ക്കായുള്ള ബില്‍ഡിങ് സെലക്ഷന്‍ കമ്പനിയുടെ ആദ്യ സംഘം ഈയാഴ്ച മക്കയിലെത്തും. ഹാജി മുഹമ്മദ് ഇല്യാസ്, ഇഫ്തിക്കര്‍ ജാവേദ്, ഡോ. ഫിറോസാ ബാനു എന്നിവരടങ്ങുന്ന സംഘം ഗ്രീന്‍, അസീസിയ കാറ്റഗറികളിലെ കെട്ടിട പരിശോധന നടത്തും. ഇന്ത്യന്‍ ഹാജിമാരെ എത്തിക്കുന്ന വിമാന കമ്പനികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍നിന്ന് 21 എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. ഇതിനായുള്ള ടെണ്ടന്‍ഡര്‍ നടപടികള്‍ നടന്നുവരികയാണ്. ഇതു പൂര്‍ത്തിയായാല്‍ മാത്രമേ എയര്‍ലൈന്‍സുകളുടെ സര്‍വിസ് വ്യക്തമാകൂ.
ഈ വര്‍ഷം 3,40,005 തീര്‍ഥാടകര്‍ക്കുകൂടി അധികമായി അവസരം ലഭിച്ചതോടെ ഇന്ത്യയില്‍നിന്ന് ആകെ 1,70,005 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തുക. ഇതില്‍ 1,25,005 പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക. ഹറം വികസനപ്രവൃത്തി കാരണം നാലുവര്‍ഷം മുന്‍പ് വെട്ടിക്കുറച്ച ക്വാട്ട ഈ വര്‍ഷമാണ് പുനഃസ്ഥാപിച്ചത്.
കേരളത്തില്‍നിന്നു കഴിഞ്ഞ വര്‍ഷം 10,544 പേര്‍ക്കാണു തീര്‍ഥാടനത്തിന് അവസരം ലഭിച്ചിരുന്നത്. ഈ വര്‍ഷം കേരളത്തില്‍നിന്ന് 80,000 അപേക്ഷകളാണു ലഭിച്ചത്. ഇതു സര്‍വകാല റെക്കോര്‍ഡാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."