കൊല്ലപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ചെങ്ങന്നൂര്‍: മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി ജോയി. വി. ജോണിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രയാര്‍ ഇടക്കടവിനു സമീപത്തുനിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്.ഇയാളുടേതെന്ന് സംശയിക്കുന്ന ഇടതു കൈപ്പത്തിയാണ് ഇപ്പോള്‍ പൊലിസിന് ലഭിച്ചിരിക്കുന്നത്
പരസ്പര വിരുദ്ധമായിട്ടാണ് ഷെറിന്‍ മൊഴി നല്‍കുന്നത്. മൃതദേഹം പമ്പയാറില്‍ ഒഴുക്കി എന്നു പറഞ്ഞെങ്കിലും കൃത്യമായി എവിടെയാണെന്ന് ഇയാള്‍ പറയുന്നില്ല. മൊഴി പ്രകാരം പറഞ്ഞ ഇടത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ വൈകീട്ടോടെയാണ് കോട്ടയത്തെ ഹോട്ടലില്‍ വെച്ച് ഷെറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. മെയ് 25 മുതല്‍ ഇരുവരെയും കാണാനില്ലെന്ന് ജോയിയുടെ ഭാര്യ പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ട്രാഫിക് പൊലിസിന്റെ ക്യാമറയില്‍ പതിഞ്ഞ ഷെറിന്റെ കാറിന്റെ ദൃശ്യങ്ങളാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലിസിനെ സഹായിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഷെറിന്‍ കുറ്റം സമ്മതിച്ചു.
ചെങ്ങന്നൂരില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള നാലുനില കെട്ടിടത്തിന്റെ ഗോഡൗണില്‍ വെച്ചാണ് കൃത്യം നടത്തിയതെന്ന് ആദ്യം പറഞ്ഞ ഇയാള്‍ കാറില്‍ വെച്ചാണ് കൊല നടത്തിയതെന്ന് പിന്നീട് പറഞ്ഞു.കാറിലും ഗോഡൗണിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പിടിവലിക്കിടെ ഷെറിന്‍ പിതാവിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് വെടിവെക്കുകയായിരുന്നു. പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്നും ഷെറിന്‍ പൊലിസിനോട് പറഞ്ഞു. കൃത്യത്തിനുപയോഗിച്ച തോക്ക് ഷെറിന്റെ പക്കല്‍ നിന്നും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."