തമിഴ്‌നാട്; തീരുമാനം ഇന്ന്
ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയും ഗവര്‍ണറെ കണ്ടു. ഇരുവരുടെയും വാദംകേട്ട ഗവര്‍ണര്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെയിലും സംസ്ഥാന ഭരണത്തിലും അവകാശതര്‍ക്കം രൂപപ്പെട്ടതോടെ എല്ലാവരും ഉറ്റുനോക്കുന്നത് ഗവര്‍ണറുടെ നിലപാടാണ്.
മുംബൈയില്‍ നിന്ന് ചെന്നൈയിലെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തിയത്. തനിക്ക് പിന്തുണ പ്രഖ്യാപിച്ച അഞ്ച് എം.എല്‍.എമാര്‍ക്കൊപ്പമാണ് ഗവര്‍ണറെ കണ്ടത്. ഏതാണ്ട് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാനുണ്ടായ സാഹചര്യം ഗവര്‍ണറെ ബോധിപ്പിച്ചു. രാജി പിന്‍വലിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. സത്യവും നീതിയും ജയിക്കുമെന്ന് രാജ്ഭവനില്‍ നിന്നിറങ്ങിയ ശേഷം പനീര്‍ശെല്‍വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണറെ രാഷ്ട്രീയസ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്. നല്ല വാര്‍ത്ത ഉട നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഏതാണ്ട് 7.30ഓടെയാണ് ശശികല ഗവര്‍ണറെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതായി അണ്ണാ ഡി.എം.കെ നേതൃത്വം വ്യക്തമാക്കി.
പാര്‍ട്ടിയുടെ അഞ്ച് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് ശശികല ഗവര്‍ണറെ കണ്ടത്. അനുകൂലിക്കുന്ന 130 എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
അതിനിടെ, അണ്ണാ ഡി.എം.കെയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പാര്‍ട്ടിതലത്തില്‍ കൂടിയാലോചിച്ച ശേഷമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കെങ്കിലും പിന്തുണ നല്‍കുന്നകാര്യം തീരുമാനിക്കുകയുള്ളൂവെന്നും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ അറിയിച്ചു.
അതിനിടെ, ശശികലയുടെ വിശ്വസ്തനും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ശശികല മുഖ്യമന്ത്രിയാകുന്നത് തടയണമെന്ന
ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത് തടയണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ വിധി വരുന്നതുവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം.
സട്ട പഞ്ചായത്ത് ഇയക്കം ജനറല്‍ സെക്രട്ടറി സെന്തില്‍കുമാറാണ് ഹരജിക്കാരന്‍.
അധികാരമേറ്റ ശേഷം ശശികല കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ രാജിവയ്‌ക്കേണ്ടിവരുമെന്നും ഇത് വന്‍ അക്രമസംഭവങ്ങള്‍ക്ക് ഇടയാക്കുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
അനധികൃത സ്വത്ത്‌സമ്പാദന കേസ് ഈയാഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചതിനുപിന്നാലെയാണ് ശശികല അധികാരമേല്‍ക്കുന്നതു തടയണമെന്നാവശ്യപ്പെടുന്ന ഹരജിയും എത്തിയത്. അനധികൃത സ്വത്ത്‌സമ്പാദന കേസിലെ വാദം കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായെങ്കിലും വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."