എങ്ങനെ ഈ വിപത്തിനെ ഇല്ലാതാക്കാം
സമൂഹത്തിന്റെ അതിജാഗ്രതയാണു കുട്ടികളെ കാണാതാകുന്ന വിഷയത്തില്‍ അത്യാവശ്യം. പൊലിസിന്റെ തലയില്‍ മാത്രം കുഞ്ഞുങ്ങളുടെ സുരക്ഷ ഏല്‍പ്പിച്ചുകൊടുക്കുന്ന ചിന്താഗതി മാറ്റേണ്ടതുണ്ട്. പൊലിസും ക്രൈംബ്രാഞ്ചുമുള്‍പ്പെടെ ഇത്ര കാര്യക്ഷമമായി അന്വേഷിച്ചിട്ടും എന്തുകൊണ്ടു കുഞ്ഞുങ്ങളെ കണ്ടെത്താനാവുന്നില്ലെന്നതും വലിയൊരു ചോദ്യമാണ്.
ദിയ ഫാത്തിമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഐ.ജി ദിനേന്ദ്രകശ്യപ് പറയുന്നതിങ്ങനെ: ''അന്വേഷണത്തിന്റെ ഭാഗമായി അവരുടെ വീട്ടില്‍ പോയിരുന്നു. മാതാപിതാക്കളുമായി സംസാരിച്ചു. കേരളത്തിനകത്തും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഒരു തെളിവും കിട്ടിയിട്ടില്ല.''
മിടുക്കരായ അന്വേഷണോദ്യോഗസ്ഥര്‍ കാര്യക്ഷമമായി അന്വേഷിച്ചിട്ടും എന്തുകൊണ്ടു വിവരങ്ങള്‍ ലഭിക്കുന്നില്ല. സംശയം തോന്നിയാല്‍ പൊലിസിലോ ചൈല്‍ഡ് ലൈനിലോ അറിയിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. ട്രെയിനില്‍ പൊലിസ് വിജിലന്റാണ്. ബംഗളൂരു ഉള്‍പ്പടെ പല റെയില്‍വേ സ്റ്റേഷനുകളിലും പത്തോളം ചൈല്‍ഡ് ലൈന്‍ സ്റ്റാഫുണ്ട്. സംശയം തോന്നിയാല്‍ വെരിഫൈ ചെയ്യാറുണ്ട്. ഇത്തരം സംവിധാനങ്ങളൊക്കെയുണ്ടായിട്ടും കണ്‍മുന്നില്‍ നിന്നു കുരുന്നുകളെ കാണാതാവുന്നു.
കണ്ണൂരില്‍ കാണാതായ ദിയ ഫാത്തിമയോടു സാമ്യമുള്ള കുട്ടിയെ മധ്യപ്രദേശില്‍ കണ്ടെത്തിയിരുന്നു. ചൈല്‍ഡ് ലൈന്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിനു കൈമാറി. ആ വിവരങ്ങള്‍ തങ്ങളുടെ കുട്ടിയുടേതുമായി ചേരുന്നില്ലെന്നാണു മാതാപിതാക്കള്‍ പറഞ്ഞത്.
''കേരളത്തില്‍ നിന്നുള്ള കുട്ടിയെ കാണാനില്ലെന്നു പറഞ്ഞു വരുന്ന കോളുകള്‍ പാരന്റ് ആസ്‌കിങ് ചൈല്‍ഡ് വിഭാഗത്തിലാണു പെടുത്തുന്നത്. എവിടെനിന്നോ കാണാതായ കുട്ടി നമ്മുടെ സംസ്ഥാനത്ത് എത്തിപ്പെടുന്നതിനെ ചൈല്‍ഡ് ഫൗണ്ട് ലോസ്റ്റ് ഓര്‍ മിസ്സിങ് എന്ന വിഭാഗത്തില്‍പ്പെടുത്തും. രണ്ടിലേതായാലും വിഷയം ഗൗരവതരമാണ്. പരിഹാരം കാണേണ്ടതു പൊലിസും സാമൂഹ്യക്ഷേമവകുപ്പും ചൈല്‍ഡ്‌ലൈനുമാണ്. ടീം വര്‍ക്കായി ചെയ്യുകയാണെങ്കില്‍ ഇതിനു പരിഹാരം കാണാനാകും'' - മനോജ് ജോസഫ് പറയുന്നു. സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ ഏകോപനമാണു കുട്ടികളെ കാണാതാകുന്ന വിഷയത്തില്‍ സ്വീകരിക്കേണ്ടതെന്നു പൊലിസ് പറയുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതും പ്രാഥമികാന്വേഷണം വൈകുന്നതും വീണ്ടെടുക്കുല്‍ ദുഷ്‌കരമാക്കും. അതോടൊപ്പം സര്‍ക്കാര്‍ ശാശ്വതമായ പരിഹാരമാര്‍ഗം കണ്ടെത്തണം. റാക്കറ്റുകളെക്കുറിച്ചുള്ള ഡാറ്റാ ബാങ്ക് തയാറാക്കുക, ചൈല്‍ഡ് ട്രാക്കിങ് വെബ്‌സൈറ്റ് പ്രവര്‍ത്തനം നവീകരിക്കുക തുടങ്ങിയവയെല്ലാം അത്യാവശ്യമാണ്. കാണാതായ കുട്ടിയെ തിരിച്ചറിയാന്‍ എളുപ്പമല്ലാത്ത ഫോട്ടോകളാണു പലപ്പോഴും പൊലിസിനു ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴിയുള്ള വഴിതെറ്റിയ പ്രചാരണം കുട്ടികളെ കണ്ടെത്തുന്നതിനു തടസമാകുകയും നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നതിന് ഇടയാകുകയും ചെയ്യും. അടുത്തിടെ കാസര്‍കോടു നിന്നു കറുത്തസ്ത്രീയുടെ കൈയില്‍ വെളുത്ത കുട്ടിയുണ്ടെന്നു പറഞ്ഞു സോഷ്യല്‍ മീഡിയ പ്രചാരണമുണ്ടായിരുന്നു. പൊലിസ് അന്വേഷണത്തില്‍ അതു കുട്ടിയുടെ വലിയമ്മയാണന്നു കണ്ടെത്തി. കാണാതായ കുട്ടികളെ കണ്ടെത്തി രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുശേഷവും കാണാനില്ലെന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടന്നിട്ടുണ്ട്.
കുട്ടികളിലെ മാനസികപ്രശ്‌നങ്ങള്‍
മൂന്നുതരത്തിലുള്ള കുട്ടികളാണു സ്വയം വീടുവിട്ടിറങ്ങുന്നതെന്നു മഞ്ചേരി മെഡിക്കല്‍ കോളജിലെ മനഃശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുല്‍ റസാഖ് പറയുന്നു. 'സ്വഭാവവൈകല്യമുള്ളവരാണ് ഒന്നാംവിഭാഗം. കളവു പറയുക, മോഷണംനടത്തുക, മുതിര്‍ന്ന ആളുകളുമായി കൂട്ടുകൂടുക തുടങ്ങിയവ ഇവരുടെ ലക്ഷണമാണ്. ഇത്തരക്കാര്‍ക്കു ലഹരിമരുന്നുകളോടു താല്‍പ്പര്യമുണ്ടാകും.
അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറുള്ള കുട്ടികളാണു രണ്ടാം വിഭാഗക്കാര്‍. അവര്‍ക്കു വീടുവിട്ടിറങ്ങാന്‍ പ്രത്യേക കാരണമൊന്നുമാവശ്യമില്ല. തോന്നുമ്പോള്‍ ഇറങ്ങിപ്പോകും. മൂന്നാമത്തെ വിഭാഗം വിള്ളലുകള്‍ ബാധിച്ച കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.ഇതില്‍ സ്വഭാവവൈകല്യവും എ.ഡി.എച്ച്.ഡിയുമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ചെയ്യേണ്ടത് ഇതു ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗമാണെന്നു തിരിച്ചറിയലാണ്. മൂന്നു വയസുമുതലേ ഈ രോഗം കണ്ടുപിടിക്കാം. കുട്ടികള്‍ വീടുവിട്ടിറങ്ങുന്നതു തടയാന്‍ കുട്ടികളോടു തുറന്നുസംസാരിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണു മാതാപിതാക്കള്‍ ചെയ്യേണ്ടതെന്ന് ഐ.ജി. ശ്രീജിത്ത് പറയുന്നു. ''പണ്ട് വളരെക്കാലം കൊണ്ടു കുട്ടികള്‍ അറിഞ്ഞ വിവരങ്ങളെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ എളുപ്പത്തില്‍ ലഭ്യമാണെന്നു മാതാപിതാക്കള്‍ മനസിലാക്കുന്നില്ല. ലൈംഗികതയെക്കുറിച്ചുള്ളതുള്‍പ്പെടെ അവര്‍ വേഗത്തില്‍ മനസിലാക്കുന്നു. മനസ്സു തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷം വീട്ടിലില്ലെങ്കില്‍ കുട്ടികള്‍ ഒറ്റപ്പെടാനും സോഷ്യല്‍മീഡിയ ഉള്‍െപ്പടെ പുറത്തുള്ള സൗഹൃദങ്ങളില്‍പ്പെടാനുമുള്ള സാധ്യത കൂടുതലാണ്.''
സുഹൃത്തുക്കളോടും രക്ഷിതാക്കളോടുമെല്ലാം അകലം സൂക്ഷിക്കുന്നവരാണു പുതുതലമുറ. ബന്ധങ്ങളില്‍ വന്ന മാറ്റവും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ സ്വാധീനവുമെല്ലാം ഇതില്‍ പങ്കുവഹിക്കുന്നുണ്ട്. അടുത്തകാലത്ത് അമേരിക്കന്‍ ഐക്യനാടുകളില്‍ നടത്തിയ സര്‍വെപ്രകാരം ലോകത്തുള്ള കൗമാരക്കാരില്‍ 22 ശതമാനവും ദിവസത്തില്‍ പത്തുപ്രാവശ്യത്തില്‍ കൂടുതല്‍ ഇഷ്ടപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കയറുന്നവരാണ്.
കംപ്യൂട്ടറിന്റെയും ഫോണിന്റെയും അമിതോപയോഗമുള്ളവരും ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകുന്നവരും വീടുവിട്ടിറങ്ങുന്നവരില്‍ മുന്നിലാണ്. ചാറ്റ് ഹിസ്റ്ററികള്‍, സമൂഹമാധ്യമങ്ങളിലെ കൂട്ടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍, സജീവമായ കമ്മ്യൂണിറ്റികള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നതിനു രക്ഷിതാക്കള്‍ തന്നെ നിലപാടു സ്വീകരിക്കണമെന്നാണു പൊലിസ് പറയുന്നത്.
കുഞ്ഞുങ്ങളെ അടുത്തറിയുക
രക്ഷിതാക്കള്‍ കുട്ടികളെ മനസിലാക്കുകയെന്നതാണ് കുട്ടികള്‍ വീടുവിട്ടിറങ്ങുന്നതു തടയാന്‍ ഏറ്റവും നല്ല മാര്‍ഗമെന്നു ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാനപ്രസിഡന്റ് സി.കെ നാസര്‍ പറയുന്നു. ''രക്ഷിതാക്കള്‍ കുട്ടികളുടെ ഇഷ്ടങ്ങളും അഭിരുചികളും മനസിലാക്കണം. അതിനു സന്നദ്ധസംഘടനകളുടെ സഹായത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണക്ലാസുകള്‍ സംഘടിപ്പിക്കണം.''
കുട്ടികളുടെ മാനസികപ്രശ്‌നം പരിഹരിക്കാന്‍ ഡ്രോപ് ബോക്‌സ്, സൗഹൃദക്ലബ്, അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ തുടങ്ങിയ പദ്ധതികളുണ്ട്. വിദ്യാഭ്യാസവകുപ്പിനു കീഴില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റാണു സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സൗഹൃദക്ലബ് ഒരുക്കുന്നത്. കുട്ടികളുടെ മാനസിക,ശാരീരികപ്രശ്‌നങ്ങള്‍, പഠനവുമായി സംബന്ധിച്ച വിഷയങ്ങള്‍, സാമ്പത്തികപ്രശ്‌നങ്ങള്‍, വീട്ടിലെപ്രശ്‌നങ്ങള്‍ തുടങ്ങി എന്തും പങ്കുവയ്ക്കാനും പരിഹാരം കാണാനും ഉതകുംവിധമാണു ക്ലബ് പ്രവര്‍ത്തിക്കുക. പ്രശ്‌നങ്ങള്‍ സ്റ്റുഡന്റ് കണ്‍വീനര്‍മാരുടെയോ ക്ലബിന്റെ ചുമതലയുള്ള അധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടുത്താം. നേരിട്ടുപറയാന്‍ പറ്റാത്തവ എഴുതി ഡ്രോപ് ബോക്‌സിലിടാം.
ജീവിതത്തില്‍ എപ്പോഴെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ നഷ്ടമറിഞ്ഞവര്‍. അവരുടെ കരഞ്ഞു കണ്ണീരു വറ്റിയ ജീവിതം, മുറിവ് എത്ര ഉണങ്ങിയാലും മാറാതെ നില്‍ക്കുന്ന ആ നീറ്റല്‍. അതു മറ്റുള്ളവര്‍ക്ക് അത്രയെളുപ്പം മനസിലാകണമെന്നില്ല. നമുക്കിടയിലെ ഓരോ തിരോധാനവും സമൂഹത്തിലെ പരുക്കന്‍ യാഥാര്‍ഥ്യത്തിനു നേരേ കണ്ണടയ്ക്കുന്ന നാമോരോരുത്തരുടെയും നേര്‍ക്കാണു വിരല്‍ചൂണ്ടുന്നതെന്നതാണ് ഏറ്റവും വലിയ യാഥാര്‍ഥ്യം. അനുദിനം വര്‍ധിച്ചു വരുന്ന ഇത്തരം തിരോധാനങ്ങളെ ഇനിയും ഇതേ ലാഘവത്തോടെ നാം സമീപിച്ചുകൂടാ.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
കുട്ടികള്‍ തെറ്റുചെയ്താല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുത്. ശിക്ഷ പരമാവധി കുറയ്ക്കുക. ഭയമില്ലാതാക്കുക. മാനസികപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കുക. കുട്ടിയെ കാണാതായെന്നു മനസിലായാല്‍ ഉടന്‍തന്നെ പൊലിസിനെയും ചൈല്‍ഡ് ലൈനിനെയും വിവരമറിയിക്കുക. റെയില്‍വേ സ്റ്റേഷനിലേക്ക് അലര്‍ട്ട് കൊടുക്കുക. ബസ്സ്റ്റാന്‍ഡുകളില്‍ അന്വേഷണം നടത്തുക.
മൊബൈല്‍ ഫോണുമായി പോകുന്ന കുട്ടിയുടെ ടവര്‍ലൊക്കേഷന്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ സൈബര്‍ സെല്ലിന്റെയും ചൈല്‍ഡ്‌ലൈനിന്റെയും സംയുക്തപ്രവര്‍ത്തനത്തിലൂടെ കണ്ടുപിടിക്കാനാകും. ടവര്‍ ലൊക്കേഷന്‍ ഉള്ളിടത്തേക്ക് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും പൊലിസിനും എത്താനാകും. അതുകൊണ്ടുതന്നെ ഈ നെറ്റ്‌വര്‍ക്കുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണു മാതാപിതാക്കള്‍ ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."