വടക്കാഞ്ചേരി ഫൊറോന ദേവാലയത്തില്‍ മോഷണം
വടക്കാഞ്ചേരി: വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തിന്റെ പിന്നാലെ വടക്കാഞ്ചേരി നഗരത്തില്‍ പൊലിസ് സ്റ്റേഷന് വിളിപ്പാടകലെ വീണ്ടും വന്‍ മോഷണം. സെന്റ് ഫ്രാന്‍സിസ് ഫൊറോന ദേവാലയത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി പൊളിച്ച് പണം കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നു കരുതുന്നു. പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചതുമൂലം മോഷ്ടാക്കളുടെ രൂപം വ്യക്തമല്ല. രണ്ട് പേരില്‍ ഒരാള്‍ അംഗ പരിമിതനാണ്
പള്ളി സെമിത്തേരിയോട് ചേര്‍ന്നുള്ള വാതില്‍ കമ്പി പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. അള്‍ത്താരയോട് ചേര്‍ന്നുള്ള രണ്ട് ഭണ്ഡാരങ്ങളും കുത്തി പൊളിച്ച് പണം കവരുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് ഭണ്ഡാരം പതിവായി തുറക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ഭണ്ഡാരം തുറന്നിരുന്നില്ല. വ്യാഴാഴ്ച രാവിലെ പള്ളിയിലെത്തിയ കപ്യാര് പോള്‍സനാണ് പള്ളിയുടെ വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് പള്ളി അധികാരികളെ വിവരം അറിയിച്ചു. അവര്‍ എത്തിയ ശേഷംനടത്തിയ പരിശോധനയിലാണ് ഭണ്ഡാരങ്ങള്‍ കുത്തി പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാണ്ട് കാല് ലക്ഷത്തോളം രൂപ മോഷണം പോയതായി കണക്കാക്കുന്നു. വിവരം അറിഞ്ഞ് വടക്കാഞ്ചേരി പൊലിസസ്ഥലത്ത് എത്തി. വിരലടയാള വിദഗ്ധരും പളളിയില്‍ എത്തി വിദഗ്ധ പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ വഴി മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഏതാനും നാളുകള്‍ക്ക് മുമ്പും പള്ളിയില്‍ മോഷണം നടന്നിരുന്നു. വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും നടന്ന കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടികൂടുന്നതിന് കുന്നംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലിസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പൊലിസിന്റെ കര്‍ശന പരിശോധന തുടരുമ്പോഴും വീണ്ടും നടന്ന മോഷണം നാട്ടുകാരില്‍ ഭീതി വളര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."