ഹരിപ്പാട്ട് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു
ആലപ്പുഴ / ഹരിപ്പാട് : അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് ഡിവൈഎഫ്ഐ പ്രവര്ത്തകന് മരിച്ചു. കരുവാറ്റ നോര്‍ത്ത് വിഷ്ണുഭവനില്‍ ഗോപാലകൃഷ്ണന്റെ മകന് ജിഷ്ണു (25) ആണ് മരിച്ചത്.
ബൈക്കിലെത്തിയ എട്ട് അംഗ സംഘം ജീഷ്ണുവിനെ പിന്തുടര്ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കരുവാറ്റ നോര്‍ത്ത് ഊട്ടുപറമ്പിന് സമീപമുളള റെയില്‍വേ ക്രോസിലായിരുന്നു സംഭവം.
ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രത്തിലെ തൈപൂയ മഹോല്സവത്തില് കാവടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഊട്ടുപറമ്പിന് സമീപംവച്ച് ജിഷ്ണു ആക്രമിക്കപ്പെട്ടത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജിഷ്ണുവിനെ ക്വട്ടേഷന്‍ സംഘം നേരെത്തെ പിന്തുടരുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായ ഇവിടെയെത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞ ജിഷ്ണു ബൈക്ക് നിര്‍ത്തി തൊട്ടിരികിലുളള വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറി. പിന്നാലെ എത്തിയ സംഘം നാട്ടുകാര്‍ നോക്കിനില്‍ക്കെ വീട്ടുമുറ്റത്തിട്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചന. ഇയാള്‍ ഏഴോളം കേസുകളിലെ പ്രതിയാണ്. അഞ്ചു കേസുകള്‍ നിലവിലുണ്ട്.മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."