റബര്‍ കൃഷി വ്യാപനം മറ്റു വിളകളെ ബാധിച്ചെന്ന് മന്ത്രി
കോഴിക്കോട്: കേരളത്തില്‍ റബര്‍ കൃഷി വ്യാപകമായതോടെ മഞ്ഞള്‍ ഉള്‍പ്പെടെ മറ്റു പരമ്പരാഗത കൃഷികള്‍ ഇല്ലാതായെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ മഞ്ഞള്‍ മേളയുടെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അതതു സമയത്തെ ട്രെന്‍ഡിന് അനുസരിച്ച് കൃഷി ചെയ്യുന്ന രീതിയാണ് മലയാളികള്‍ക്കുള്ളത്. കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്ന് ലാഭമുണ്ടാകുന്ന സാഹചര്യം ഒരുക്കാത്തതിനാലാണ് ഇതു സംഭവിക്കുന്നത്. റബര്‍ വിപണി തകരുമ്പോള്‍ മറ്റുവിളകളില്‍ നിന്നുള്ള ലാഭം ലഭിക്കുന്നതും ഇതോടെ ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു. റബറിന് ഇടവിളയായി മഞ്ഞള്‍, കിഴങ്ങു വിളകള്‍, പച്ചക്കറി, പൂക്കൃഷി എന്നിവ ചെയ്യുന്നതിന് റബര്‍ ബോര്‍ഡുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് മഞ്ഞള്‍ കൃഷി പരിപോഷിപ്പിക്കാന്‍ കൃഷി വകുപ്പ് നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. കാട്ടുപന്നി ആക്രമണമുള്ള സ്ഥലത്തും കരഭൂമിയിലും കൃഷി നടത്തും.
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 10,000 ഏക്കര്‍ ഭൂമിയിലും മഞ്ഞള്‍ കൃഷി ചെയ്യും. കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ നാം പരാജയമാണെന്നും മന്ത്രി പറഞ്ഞു. വിളവെടുത്ത മഞ്ഞള്‍ മന്ത്രിയില്‍ നിന്ന് കര്‍ഷക മേരി ഏറ്റുവാങ്ങി. കേന്ദ്ര ഹോര്‍ട്ടികള്‍ച്ചര്‍ കമ്മിഷണര്‍ ഡോ. ബി.എന്‍.എസ്. മൂര്‍ത്തി അധ്യക്ഷനായി. അടയ്ക്ക സുഗന്ധ വിള ഗവേഷണ കേന്ദ്രം മേധാവി ഡോ. ഹോമിചെറിയാന്‍, കേന്ദ്ര ഏല ഗവേഷണ കേന്ദ്രം മേധാവി ഡോ. എ. ബി. രമശ്രീ സംസാരിച്ചു. ഡോ. ബി. ശശികുമാര്‍, ഡോ. എം. മാധവന്‍ നായിഡു, സന്ദീപ് തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."