സന്ദര്‍ശകരുടെ മനം കവര്‍ന്ന് ഒട്ടകമേള
ജിദ്ദ: മൂന്നു ലക്ഷം ഒട്ടകങ്ങളെ അണിനിരത്തിയുള്ള ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളയില്‍ സന്ദര്‍ശകപ്രവാഹം തുടരുന്നു.
റിയാദില്‍നിന്ന് 120 കി.മീറ്റര്‍ അകലെ അല്‍ ദഹ്ന മരുഭൂമിയിലാണു മേള നടക്കുന്നത്. 'മിസ് കാമല്‍' ഫെസ്റ്റിവല്‍ എന്ന പേരിലുള്ള മേള, 1999ല്‍ ഒരുകൂട്ടം ഗ്രാമീണരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. പിന്നീട് രാജ്യത്തെ പ്രമുഖ പാരമ്പര്യമേളയായി വളര്‍ന്ന ആഘോഷം ഇപ്പോള്‍ റിയാദിലെ ദാറത് കിങ് അബ്ദുല്‍ അസീസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണു നടക്കുന്നത്.
പതിനായിരത്തിലേറെ വിസകളാണു വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഒട്ടകപ്രേമികള്‍ക്കായി ഇത്തവണ അനുവദിച്ചിരിക്കുന്നത്. അറബ് ജീവിതത്തിലും സംസ്‌കാരത്തിലും ഒട്ടകത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണു മേള. ഇതിന്റെ ഭാഗമായി ഒട്ടക ഓട്ടവും സൗന്ദര്യമത്സരവും നടക്കും. തടിച്ച കാതുകളും നീണ്ട കണ്‍പീലികളുമുള്ളവയാണു മികച്ച ഒട്ടകങ്ങളായി പരിഗണിക്കപ്പെടുക. ഉയര്‍ന്ന ആകൃതിയിലുള്ള പൂഞ്ഞയുള്ള ഒട്ടകങ്ങള്‍ സൗന്ദര്യമത്സരത്തില്‍ മാറ്റുരക്കും. വലിയ തലയുള്ള ഒട്ടകങ്ങള്‍ക്കാണ് ഉയര്‍ന്ന വില.
26,000 ഒട്ടകങ്ങളാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഒട്ടകമേളയില്‍ പങ്കെടുക്കുന്നത്. വിവിധ മത്സരങ്ങളില്‍ വിജയികളാകുന്ന ഉടമകള്‍ക്ക് 57 മില്ല്യന്‍ ഡോളറിന്റെ കാഷ് പ്രൈസ് ലഭിക്കും.
മിസ് കാമല്‍ ആയി തിരഞ്ഞെടുക്കപ്പെടുന്ന സുന്ദരി ഒട്ടകത്തിന് കിങ് അബ്ദുല്‍ അസീസ് അവാര്‍ഡും സമ്മാനിക്കും. ആറു വിഭാഗങ്ങളിലാണ് ഒട്ടക ഓട്ട മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ മത്സര വിജയിക്കും 2.5 മില്ല്യന്‍ ഡോളര്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."