കാബൂളിലെ ആഡംബര ഹോട്ടലില്‍ താലിബാന്‍ ആക്രമണം: ഭീകരര്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അതിഥികളെ ബന്ധികളാക്കി അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ അത്യാഡംബര ഹോട്ടലില്‍ നടന്ന വെടിവയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11ഓടെയാണ് കാബൂളിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഭീകരര്‍ നിയന്ത്രണത്തിലാക്കി ജീവനക്കാര്‍ക്കും അതിഥികള്‍ക്കും നേരെ ആക്രമണമാരംഭിച്ചത്. തുടര്‍ന്ന് അഫ്ഗാന്‍ സൈന്യം എത്തി 13 മണിക്കൂറുകള്‍ എടുത്താണ് സംഘത്തെ കീഴടക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
14 വിദേശികളും നാലു ഭീകരരും ഉള്‍പ്പെടെയാണ് 18 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടത്. സംഭവസമയത്ത് ഹോട്ടലിനകത്തുണ്ടായിരുന്ന 160ഓളം പേരെ സൈന്യം രക്ഷിച്ചതായി അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
തോക്കുധാരികളായ അക്രമിസംഘം രാത്രി ഹോട്ടലിലേക്ക് ഇരച്ചുകയറി ജീവനക്കാര്‍ക്കും അതിഥികള്‍ക്കും നേരെ വെടിവയ്ക്കുകയായിരുന്നു. ഈ സമയത്ത് 50ഓളം വിദേശികളും സ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞയുടന്‍ ഹെലികോപ്ടറിലെത്തിയ സൈന്യം ഹോട്ടല്‍ കെട്ടിടത്തിന്റെ ഹെലിപാഡില്‍ ഇറങ്ങിയാണ് അകത്തുകടന്നത്. തുടര്‍ന്ന് ഒരു രാത്രിയും അര പകലുമെടുത്താണു സൈന്യം അക്രമികളെ കീഴടക്കിയത്. മണിക്കൂറുകളോളം അക്രമികളും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പാണുണ്ടായത്. ഇവരുടെയടുത്ത് ഗ്രനേഡും തോക്കുകളുമുണ്ടായിരുന്നെന്ന് സൈന്യം പറഞ്ഞു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ അധീനതയിലുള്ള ഹോട്ടലില്‍ ഞായറാഴ്ച ഒരു ഐ.ടി കോണ്‍ഫറന്‍സ് നടക്കാനിരിക്കെയായിരുന്നു ആക്രമണം. അഫ്ഗാന്‍ ടെലകോം റീജ്യനല്‍ ഡയരക്ടര്‍ അസീസ് തയ്യിബ് അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്നലെ തന്നെ ഇവിടെയെത്തിയിരുന്നു.
അക്രമികള്‍ വാഹനത്തില്‍ വന്നിറങ്ങുന്നതു കണ്ടതായി അസീസ് തയ്യിബ് പറഞ്ഞു. അടുക്കള ഭാഗത്തുകൂടിയാണ് അക്രമികല്‍ അകത്തു കടന്നതെന്ന് ഹോട്ടല്‍ മാനേജര്‍ അഹ്മദ് ഹാരിസ് നയാബ് പറഞ്ഞു. ഇദ്ദേഹം ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ടോളോ റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിനകത്തുനിന്ന് നിരവധി മൃതശരീരങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങളും അറിയിച്ചിരുന്നു. 42 ഹോട്ടല്‍ ജീവനക്കാരില്‍ 18 പേരെ കാണാതായതായും ഇവരില്‍ അഞ്ചുപേര്‍ മരിച്ചതായി സംശയിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
2011ലും ഇതേ ഹോട്ടല്‍ താലിബാന്‍ ആക്രമിച്ചിരുന്നു. അന്ന് 21 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."