ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം ഇനി 'ലിറ്റില്‍ കൈറ്റ്‌സ്'
ചെറുവത്തൂര്‍: വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ നടപ്പിലാക്കിയ ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം ഇനി 'ലിറ്റില്‍ കൈറ്റ്‌സ്' എന്ന പേരില്‍ ഒരു ലക്ഷം കുട്ടികള്‍ അംഗമായ ഐ.ടി ക്ലബ്ബാകും. സ്റ്റുഡന്റ് പൊലിസ് കേഡറ്റ് മാതൃകയില്‍ ഘടനാപരമായാണ് പ്രവര്‍ത്തനം മുന്നോട്ട് പോവുക. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം നടപ്പിലാക്കിയത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷനാണ് (കൈറ്റ്) 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതിയുടെ നിര്‍വഹണ ചുമതല.
കൈറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ 2018 - 19 അധ്യയന വര്‍ഷം തന്നെ സ്‌കൂളുകളില്‍ യൂനിറ്റുകള്‍ ആരംഭിക്കാം. ഒരു വിദ്യാലയത്തില്‍ ഒരധ്യാപകനും ഒരധ്യാപികയ്ക്കും യൂനിറ്റിന്റെ ചുമതല നല്‍കും. ഇവര്‍ കൈറ്റിന്റെ പരിശീലനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എട്ടാം തരത്തില്‍ നിന്നാണ് 20 മുതല്‍ 40 വരെ കുട്ടികളെ ഓരോ യൂനിറ്റിലേക്കും തിരഞ്ഞെടുക്കുക. വിവരസാങ്കേതിക മേഖലയില്‍ ഉണ്ടാകുന്ന കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള മോഡ്യൂളുകളെ അടിസ്ഥാനമാക്കിയാണ് പരിശീലനം നല്‍കുക. ആഴ്ചയില്‍ ഒരുമണിക്കൂര്‍ എന്ന തരത്തില്‍ മാസത്തില്‍ നാലുമണിക്കൂര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. മികച്ച പ്രവര്‍ത്തനം നടത്തുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകള്‍ക്ക് സംസ്ഥാനതലത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.
യൂനിറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം കൈറ്റ് ഫണ്ടില്‍ നിന്ന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."