തിരുവിഴാംകുന്നില്‍ തൊഴിലാളികള്‍ ആശങ്കയില്‍: പ്രദേശവാസികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു
മണ്ണാര്‍ക്കാട്: തുടര്‍ച്ചയായ മെഡിക്കല്‍ പരിശോധന തിരുവിഴാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന കന്നുകാലി ഫാമിലെ തൊഴിലാളികളെ ആശങ്കയിലാക്കുന്നു. മൂന്നാമത് മെഡിക്കല്‍ ക്യാംപാണ് ഇന്നലെ നടന്നത്. ജില്ലാ മെഡിക്കല്‍ സംഘവും അലനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്നാണ് ഇന്നലെ നടന്ന മെഡിക്കല്‍ ക്യാംപിന് നേതൃത്വം നല്‍കിയതെന്നാണ് അറിയുന്നത്. മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്തവര്‍ക്കെല്ലാം മരുന്ന് നല്‍കിയിട്ടുണ്ട്. ഫാമിനകത്തെ ഒരു കാര്യവും പുറത്തുപറയരുതെന്ന് തൊഴിലാളികളോട് നിര്‍ദേശം നല്‍കി. തൊഴിലാളികളായ പതിനാലു പേര്‍ക്ക് ബ്രൂസിലോസിസ് രോഗബാധയേറ്റതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ രോഗ ലക്ഷണമുള്ളവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കാന്‍ മെഡിക്കല്‍ പരിശോധന നടത്തിയവരോ, ഫാം മേലാധികാരികളോ തയാറായിട്ടില്ല. കൂടാതെ തൊഴിലാളികള്‍ക്ക് രോഗബാധയില്ലെന്ന നിലപാടിലാണ് ഇപ്പോഴും അധികൃതര്‍. നിരന്തരം മെഡിക്കല്‍ സംഘത്തിന്റെ വരവ് കണ്ട് പ്രദേശവാസികളും ആശങ്കയിലായിട്ടുണ്ട്. എന്താണ് ഫാമിനകത്തെ പ്രശ്‌നമെന്ന് തൊഴിലാളികളെ പോലെ പ്രദേശവാസികള്‍ക്കും അറിവായിട്ടില്ല. എല്ലാം രഹസ്യമാക്കി വച്ചതായാണ് പരക്കെയുള്ള ആക്ഷേപം.
രോഗ ലക്ഷണം കാണപ്പെട്ട തൊഴിലാളികളും അല്ലാത്തവരും ഒന്നിച്ച് തൊഴിലെടുക്കുമ്പോള്‍ രോഗബാധ പകരാന്‍ സാധ്യതയേറെയാണെന്നതും തൊഴിലാളികളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. മാസാന്തരം നടക്കാറുള്ള മെഡിക്കല്‍ ക്യാംപാണ് നടന്നതെന്നും, ബ്രൂസിലോസീസ് രോഗബാധ തൊഴിലാളികള്‍ക്ക് സ്ഥിരീകരിച്ചിട്ടില്ലെന്നും, എന്നാല്‍ മുന്‍കരുതലെന്ന നിലയില്‍ ഓരോ ഡോസ് പ്രതിരോധ മരുന്ന് നല്‍കിയതായി ഫാം മേധാവി ഡോ. ഷിബു സൈമണ്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി ഫാമിലെ കന്നുകാലികളില്‍ കാണപ്പെട്ട ബ്രൂസിലോസിസ് രോഗബാധ അധികൃതരുടെ അശ്രദ്ധയാണ് തൊഴിലാളികളിലേക്ക് പകരാനിടയാക്കിയതെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."