പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍: അപകടം നേരിടാന്‍ സംവിധാനമില്ലെന്ന് ദുരന്തനിവാരണ സെല്‍ മുന്‍ മേധാവി
കൊച്ചി: വന്‍ അപകടം നേരിടാനുള്ള സംവിധാനങ്ങളൊരുക്കാതെയാണ് ഐ.ഒ.സി പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ സെല്‍ മുന്‍ മേധാവി ഡോ. കെ.ജി താര. വന്‍ അപകടങ്ങളുണ്ടായാല്‍ തരണം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകളോ മറ്റു സംവിധാനങ്ങളോ നിലവില്‍ സംസ്ഥാനത്ത് കാര്യക്ഷമമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് ജലനിരപ്പ് ഓരോ വര്‍ഷവും 1.75 മില്ലിമീറ്റര്‍ ഉയരുകയാണ്. പടിഞ്ഞാറന്‍ തീരത്ത് ചുഴലിക്കാറ്റു വീശില്ലെന്ന ധാരണ ഓഖി വന്നതോടെ പൊളിഞ്ഞു. ഐ.ഒ.സിയുടെ പഠന റിപ്പോര്‍ട്ടില്‍ ചുഴലിക്കാറ്റ് ഉണ്ടാവില്ലെന്നാണു പറഞ്ഞിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.15,400 ടണ്‍ എല്‍.പി.ജിയാണ് പുതുവൈപ്പില്‍ സ്ഥാപിക്കുന്ന പ്ലാന്റില്‍ സംഭരിക്കുവാന്‍ ഒരുങ്ങുന്നത്. 10 ലക്ഷം ഗ്യാസ് സിലിണ്ടറുകള്‍ ഒരുമിച്ച് ചേരുന്നതിന് തുല്യമാണിത്. ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമെന്ന് വിശേഷിപ്പിക്കുന്ന പുതുവൈപ്പില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് അപകടമാണെന്ന് കമ്പനിക്ക് തന്നെ ബോധ്യമുണ്ടെന്നാണ് ഐ.ഒ.സി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.
അപകടമുണ്ടായാല്‍ കൂടുതല്‍ പേര്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള ആശുപത്രി സൗകര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മിച്ചാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എറണാകുളം അച്യുതമേനോന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ ശാസ്ത്രജ്ഞന്മാര്‍, സുരക്ഷാ സംവിധാന വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.ടി വിദഗ്ധന്‍ ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.എസ് വിജയന്‍, ഡോ. സുധ, കെ.എസ് പുരുഷന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."