തെങ്ങ് പുനരുദ്ധാരണം: 13 കോടി അനുവദിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് തെങ്ങ് പുനരുദ്ധാരണത്തിനായി 13 കോടിയുടെ പദ്ധതി. നാളികേര വര്‍ഷാചരണത്തിന്റെ ഭാഗമായി നാളികേര വികസന ബോര്‍ഡാണ് പദ്ധതി നടപ്പാക്കുക. 2017- 18 വര്‍ഷത്തില്‍ 3,000 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.
നാളികേരത്തിന്റെ ഉല്‍പാദനം, ഉല്‍പാദനക്ഷമത എന്നിവ വര്‍ധിപ്പിക്കുന്നതിനായി സമഗ്ര വികസന പരിപാടികളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഉല്‍പാദന ക്ഷമത തീരെ കുറഞ്ഞതും രോഗം മൂര്‍ഛിച്ചതുമായ തെങ്ങുകളുടെ മുറിച്ചുമാറ്റല്‍, ഗുണമേന്മയുള്ള തെങ്ങുകളുടെ നടീല്‍, സംയോജിത രോഗകീട നിയന്ത്രണം എന്നിവയ്ക്കാണ് ധനസഹായം നല്‍കുന്നത്.
ഉല്‍പാദനക്ഷമത തീരെകുറഞ്ഞ രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിനായി തെങ്ങ് ഒന്നിന് 1,000 രൂപയാണ് ധനസഹായം നല്‍കുക.
ഒരു ഹെക്ടറിന് പരമാവധി 32,000 രൂപഅനുവദിക്കും. ഗുണമേന്മയുളള തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനായി തെങ്ങ് ഒന്നിന് 40 രൂപ നിരക്കില്‍ ഹെക്ടറിന് പരമാവധി 4,000 രൂപ നല്‍കും. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ അംഗീകൃത ഏജന്‍സികള്‍വഴി വാങ്ങിയാലും സഹായം ലഭിക്കും. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ അഭാവത്തില്‍ സബ്‌സിഡി തുക ബന്ധപ്പെട്ട നഴ്‌സറികള്‍ക്ക് മുന്‍കൂട്ടി നല്‍കി ബുക്ക് ചെയ്യാനുമാകും.
സംയോജിത വളപ്രയോഗം, രോഗകീട നിയന്ത്രണം എന്നിവയ്ക്കും പദ്ധതിയില്‍ ധനസഹായം നല്‍കുന്നുണ്ട്. മണ്ണുപരിശോധനാടിസ്ഥാനത്തിലുളള വളപ്രയോഗം, ജലസേചനം, ജൈവരോഗകീടനിയന്ത്രണ മാര്‍ഗങ്ങള്‍, ഇടവിള കൃഷി എന്നിവയ്ക്കായി ഹെക്ടറിന് 17,500 രൂപയാണ് ധനസഹായം. രണ്ടു ഗഡുക്കളായി ഈ തുക ലഭിക്കും.
പരമാവധി 4 ഹെക്ടറിനായിരിക്കും വ്യക്തിഗത ആനുകൂല്യം ലഭിക്കുക. മറ്റുപദ്ധതികളായ പി.എം.കെ.എസ്.വൈ, ആര്‍.കെ.വി.വൈ എന്നിവയുടെ സംയോജനവും പ്രസ്തുത പദ്ധതിയുമായി നടപ്പാക്കാം. മൂന്നുഘട്ടങ്ങളിലായി പരമാവധി 53,500 രൂപയാണ് ഹെക്ടറിന് സബ്‌സിഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."