ഏനാത്ത് ബെയ്ലി പാലത്തിന് സൈന്യം അന്തിമരൂപം നല്കി മിനിലോറികള്‍, ആംബുലന്‍സ് തുടങ്ങിയ വാഹനങ്ങള്‍ക്കുവരെ കടന്നുപോകാനാകും
കൊട്ടാരക്കര: എം.സിറോഡിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നിര്‍മിക്കുന്ന ബെയ്ലി പാലത്തിന് സൈന്യം അന്തിമരൂപം നല്കി. മിനിലോറികള്‍, ആംബുലന്‍സ് തുടങ്ങിയ വാഹനങ്ങള്‍ക്കുവരെ കടന്നുപോകാന്‍ ശേഷിയുള്ള പാലത്തിന്റെ രൂപരേഖയാണ് തയ്യാറാക്കിയത്. വണ്‍വേ ആയിട്ടായിരിക്കും വാഹനങ്ങള്‍ കടത്തിവിടുക. പഴയപാലത്തിന് സമീപമുള്ള കടവിലാണ് പാലം താല്‍ക്കാലികമായി നിര്‍മിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ബ്രിഡ്ജ്സ് ചീഫ് ഇന്‍സ്ട്രക്ടര്‍ ലഫ്റ്റനന്റ്കേണല്‍ രവിരാജേന്ദ്രന് പറഞ്ഞു.
മിലിട്ടറിയുടെ മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബാംഗ്ലൂരില്‍ നിന്ന് ഇന്നലെ രാവിലെ 8.30നാണ് സംഘം ഇവിടെയെത്തിയത്.കെ.എസ്.ടി.പി പൊതുമരാത്ത് വിഭാഗം എന്‍ജിനീയര്‍മാരും ഒപ്പമുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ ക്യാംപ് ഓഫിസ് തുറന്ന് പ്രവര്‍ത്തനം ഏകോപ്പിക്കാനാണ് സൈന്യം പദ്ധതിയിടുന്നത്.
സംഘം തയാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ട് സൈനിക ആസ്ഥാനത്തിനും ഉടന്‍ തന്നെ കൈമാറും. ഇവിടെ നിന്നും റിപ്പോര്‍ട്ട് പ്രതിരോധമന്ത്രിക്ക് കൈമാറി അംഗീകാരം ലഭിക്കുന്നതോടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് സംഘം പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ ബാംഗ്ലൂരില്‍ നിന്ന് പാലം നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിക്കും. സംസ്ഥാന സര്‍ക്കാരിന് വലിയ മുതല്മുടക്കില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.ബാംഗ്ളൂരില്‍ നിന്ന് സാധനം എത്തിക്കുന്നതിനുള്ള സിവില്‍ ട്രക്കിന്റെ വാടക വഹിക്കുകയും നിര്‍മാണത്തിന് എത്തുന്ന സൈനികര്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കുകയും ചെയ്താല്‍ മതിയാകും.രണ്ടാഴ്ചക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."