വിഷ്ണുവിന് സാന്ത്വനമായി കൂട്ടുകാര്‍ ഒത്തുകൂടി
കുന്നംകുളം: സ്മരണകളും കഥകളും ഓര്‍ത്തെടുത് പങ്കുവെച്ച് പിരിയാനല്ല അവര്‍ ഒത്തുകൂടിയത്. സഹപാഠിയുടെ വിധിക്കു മുന്നില്‍ സഹായ ഹസ്തവുമായാണ് അവര്‍ പിരിഞ്ഞത്. ഇനി വിഷ്ണുവിന്റെ ജീവിതം അവരുടേയും കൂടി ജീവിതമാണ്. 2014 ഡിസംബര്‍ മൂന്നിനാണ് വിഷ്ണുവിന് ദുരന്തം പിടികൂടിയത്.
കിഴൂര്‍ പൂരത്തിന്റെ തലേന്നാള്‍ ഗാനമേള കഴിഞ്ഞ ്‌സുഹൃത്തിനോടൊപ്പം ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു പ്ലസ്സ് വണ്‍ വിദ്യാര്‍ഥിയായ പഴുന്നാന കൊട്ടിലിങ്ങള്‍ കുമാരന്റെ മകന്‍ വിഷ്ണുവിന്റെ ജീവിതം മാറ്റിമറിച്ച ദുരന്തം ഉണ്ടായത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് വിട്ടുമാറാത്ത രോഗം പിടിപെട്ട് കിടപ്പിലാണ്. രണ്ട് വര്‍ഷമായി അമ്മ പ്രീതിയുടേയും സഹോദരിമാരും വിദ്യാര്‍ഥിനികളുമായ വിസ്മയ, വിദ്യ എന്നിവരുടെയും ശുശ്രൂഷയിലാണ് വിഷ്ണു കഴിയുന്നത്.
ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ്സ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു അപകടം.വിഷ്ണുവിന്റെ ചികില്‍സക്കു വേണ്ടി നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ സമ്പത്ത് മുഴുവന്‍ ചെലവഴിച്ച് കഴിഞ്ഞു. ഓടിട്ട ചെറിയ വീട്ടില്‍ കഴിയുന്ന വിഷ്ണുവിന്റെ കുടംബത്തിന് കാര്യമായ വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല.
വിഷ്ണു പഠിച്ച വിദ്യാലയങ്ങളില്‍ നിന്നും ഉദാരമതികളായ വ്യക്തികളും സംഘടനകളും നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് ഈ കുടുബം പിടിച്ചു നില്‍ക്കുന്നത്.ഈ അവസരത്തിലാണ് വിഷ്ണുവിന്റെ അവസ്ഥ മനസ്സിലാക്കിയ മരത്തംകോട് ഹൈസ്‌ക്കൂളിലും ചെമ്മണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും പഠിച്ചിരുന്ന പഴയ കാല സഹപാഠികള്‍ വിഷ്ണുവിനെ സഹായിക്കുവാന്‍ വേണ്ടി ഒത്തുകൂടിയത്.
നമ്മുടെയല്ലാം കൂടെ ഉണ്ടാവേണ്ട വിഷ്ണുവിന് സംഭവിച്ചത് നമ്മള്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അപകടം മാത്രമാണ്. വിഷ്ണുവിനേയും കുടുബത്തേയും സഹായിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണെന്ന തിരിച്ചറിവാണ് സഹപാഠിക്കളുടെ കൂടി ചേരിലിന് ഇടയായത്.
ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടന്ന കൂട്ടായ്മയില്‍ വിഷ്ണുവിന്റെ സഹപാഠികളായ എഴുപത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ഈ കൂട്ടായ്മ മാസംത്തോറും അയ്യായിരം രൂപ വിഷ്ണുവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപപിക്കും. ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി അനൂജ്, സി.എഫ് ബെന്നി, സി.ശിരീഷ്‌കുമാര്‍, സഹപാഠികളായ മുഹമ്മദ് ഷെരീഫ്, പി.വി അക്ഷയ, പി.ആര്‍ അഖില്‍, ഫായിസ് മുഹമ്മദ് കാസ്മ, വി.എച്ച് ജുബൈര്‍, എം.വിനീത, കെ.എസ്സ് അരുണ്‍, കെ.എം ആദര്‍ശ്, കെ.എസ്സ് ആകാശ് എന്നിവര്‍ സംസാരിച്ചു.യോഗത്തിനു ശേഷം സഹപാഠികള്‍ വീട്ടിലെത്തി വിഷ്ണുവിനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."