തുരുമ്പെടുക്കുന്നത് ലക്ഷങ്ങള്‍
ചാവക്കാട്: തദ്ദേശ ഭരണ സ്ഥാപന അധികാരികളുടെ അനാസ്ഥയില്‍ കനോലി കനാലിനു കുറുകെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പാലങ്ങള്‍ ചലിപ്പിക്കുന്ന കേബിളുകളും ഗിയര്‍ ബോക്‌സുകളും തുരുമ്പെടുത്ത് നശിക്കുന്നു. ചിലയിടങ്ങളില്‍ ഗിയര്‍ ബോക്‌സ് കാണാതെയായി.
കനോലി കനാല്‍ ഒഴുകുന്ന പുന്നയൂര്‍ക്കുളം, പുന്നയൂര്‍, ചാവക്കാട് മേഖലയിലെ അണ്ടത്തോട്, പനന്തറ, ഒറ്റയിനി, നാലാംകല്ല് പതേരിക്കടവ്, പുന്ന, ആശുപത്രി റോഡ് എന്നിവിടങ്ങളിലെ ചലിക്കും പാലങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഗിയര്‍ വീല്‍, റോപ്പ് ഡ്രം, ഗിയര്‍ബോക്‌സ് എന്നിവയാണ് മഴയും വെയിലും മഞ്ഞും കൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നത്.
പാലം നിര്‍മിച്ചാല്‍ മാത്രം പോരെന്നും താഴ് ഭാഗത്തു കൂടി വള്ളങ്ങളും മറ്റും പോകുമ്പോള്‍ ആവശത്തിന് ഉയര്‍ത്താനുള്ള സൗകര്യവുമുണ്ടായിരിക്കണമെന്ന നിഷക്കര്‍ഷതയുടെ ഭാഗമായാണ് പാലം ഉയര്‍ത്താനുള്ള കേബിളുകളും അവ ബന്ധിപ്പിക്കുന്ന ഗിയര്‍ ബോക്‌സുകളും സ്ഥാപിക്കുന്നത്. കനോലി കനാലിനു കുറുകെ നിരവധിയാളുകള്‍ക്കും ചെറുവാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ പാകത്തില്‍ ഉരുക്കു കൊണ്ട് നിര്‍മ്മിച്ച പാലം ഇപ്പോള്‍ നിശ്ചലമാണ്. ആവശ്യാനുസാരം ഉയര്‍ത്താനിപ്പോള്‍ കഴിയാത്ത അവസ്ഥയിലാണ്.
വര്‍ഷാവര്‍ഷം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇവയുടെ അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കേണ്ടത്. പാലത്തിന്റെ ഇരുമ്പ് പാളികള്‍ തുരുമ്പെടുക്കുന്ന മുറക്ക് അറ്റകുറ്റ പണികള്‍ നടത്താറുണ്ടെങ്കിലും ലക്ഷങ്ങള്‍ വില വരുന്ന കേബിളുകളില്‍ പലതും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. പാലത്തിനു സമീപം തന്നെ ചെറിയ മേല്‍ക്കൂരയോ ആവരണമോ ഇല്ലാതെ സ്ഥാപിച്ച ഗിയര്‍ ബോക്‌സുകളും പാലവുമായി നേരിട്ടുള്ള ബന്ധമില്ലാത്ത സ്ഥിതിയിലായി.
പുന്നയൂര്‍ പഞ്ചായത്തിലെ നാലാം കല്ല് പതേരിക്കടവില്‍ നിര്‍മ്മിച്ച പാലത്തിന്റെ ഗിയര്‍ ബോക്‌സുകളും അനുബന്ധ സാധനങ്ങളും പരിസരത്തെവിടേയും കാണാനുമില്ല.
നേരത്തെ ചീര്‍പ്പ് പാലങ്ങളുണ്ടായിരുന്ന ഭാഗത്താണ് പല പാലങ്ങളും നിര്‍മിച്ചിട്ടുള്ളത്. പുതിയ പാലം വന്നിട്ടും പഴയ പാലങ്ങള്‍ പൊളിച്ചു നീക്കാതെ ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ചെറുവള്ളങ്ങളില്‍ കനാലിലൂടെയും അതിന്റെ കരയിലൂടെയും വീശുവലയുമായി നടക്കുന്ന ഉള്‍ നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും പഴയ പാലങ്ങള്‍ ഭീഷണിയാണ്.
ഈ പാലങ്ങള്‍ തകര്‍ന്ന് കനാലിലേക്ക് വീണാലും അത് പുറത്തെടുക്കാന്‍ ലക്ഷങ്ങള്‍ ചെലവിടേണ്ട സാഹചര്യമുണ്ടാകുമെങ്കിലും പനന്തറ, ഒറ്റിയിനി,നാലാം കല്ല് ഭാഗത്തെ പഴയ കോണ്‍ക്രീറ്റ് പാലങ്ങള്‍ പൊളിച്ചു മാറ്റാന്‍ അധികൃതകരുടെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."