സാധാരണക്കാരിലെത്താത്ത സാമ്പത്തിക വളര്‍ച്ച
രാജ്യം സാമ്പത്തികരംഗത്ത് വന്‍ കുതിപ്പു നടത്തുന്നുണ്ടെന്ന കണക്കുകളാണ് കുറേക്കാലമായി ഭരണകൂടം നിരത്തുന്നത്. ലോകത്തെ പല വന്‍കിട സാമ്പത്തികശക്തികളെയും പിന്‍തള്ളി ഇന്ത്യ കുതിക്കുന്നതിന്റെ കണക്കുകള്‍ ഏതൊരു ഇന്ത്യക്കാരനിലും അഭിമാനം ജനിപ്പിക്കുന്നതു തന്നെയാണ്. ആ പ്രവണത തുടരുന്നതായാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലും പറയുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് ഏഴു മുതല്‍ ഏഴര ശതമാനം വരെ ആയിരിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ വളര്‍ച്ചാനിരക്കായ 6.75 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗണ്യമായ മുന്നേറ്റം തന്നെ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണു സര്‍വേ നല്‍കുന്ന സൂചന. ധനക്കമ്മി 3.2 ശതമാനമായി കുറയുമെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും ഏറെ ആശാവഹമാണ്. എന്നാല്‍, ഈ വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ആരെന്ന ചോദ്യത്തിനു കിട്ടുന്ന സത്യസന്ധമായ ഉത്തരം ഒട്ടും ആശാവഹമല്ല. രാജ്യത്തിന്റെ സാമ്പത്തികക്കുതിപ്പിന്റെ ഗുണങ്ങള്‍ എത്തിച്ചേരുന്നത് ജനസംഖ്യയില്‍ ചെറു ന്യൂനപക്ഷമായ അതിസമ്പന്നരില്‍ മാത്രമാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന സാധാരണക്കാരിലോ പരമദരിദ്രരായവരിലോ അത് എത്തിച്ചേരുന്നില്ലെന്നു കണ്ടെത്താന്‍ വലിയ തോതിലുള്ള സര്‍വേകളുടെയൊന്നും ആവശ്യമില്ല.
രാജ്യത്തെ ഗ്രാമങ്ങളിലേക്കു കണ്ണോടിച്ചാല്‍ സാമ്പത്തികശാസ്ത്രത്തില്‍ ഒട്ടും വൈദഗ്ധ്യമില്ലാത്തവര്‍ക്കും കണ്ടെത്താനാവുക കടുത്ത ദാരിദ്ര്യത്തിന്റെ ദൈന്യതയാണ്. ഈ യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ടുകളുടെ കടലാസുകളിലെ വളര്‍ച്ചക്കണക്കുകള്‍ ഇന്ത്യന്‍ ജനതയുടെ മുഖത്തുനോക്കി കൊഞ്ഞനം കാണിക്കുന്നതു കാണാം.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും തൊഴിലില്ലായ്മ രാജ്യത്തിന്റെ തീരാശാപമായി തുടരുകയാണ്. തൊഴിലെടുക്കുന്നവരില്‍ തന്നെ മഹാഭൂരിപക്ഷവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വലയുകയാണ്. ഭരണകൂടത്തിന്റെ നയപരിപാടികളും നടപടികളും സൃഷ്ടിക്കുന്ന കടുത്ത സാമ്പത്തികാസമത്വവും വിലക്കയറ്റവും ഇതിനു കാരണമാകുന്നു. പുതിയ സാമ്പത്തിക സര്‍വേ തന്നെ ഇതിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്.
ഇന്ധനവിലയിലെ വര്‍ധനയില്‍ ആശങ്കപ്പെടുന്ന സര്‍വേ, രണ്ടാംപാദത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്കു കാരണമായി കണ്ടെത്തിയിരിക്കുന്നത് ജി.എസ്.ടിയും ബാങ്ക് റീകാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശനിക്ഷേപത്തിലെ ഉദാരവല്‍ക്കരണവുമൊക്കെയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതു നിത്യോപയോഗസാധന വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ കാരണമായി പറയുന്ന ജി.എസ്.ടിയാവട്ടെ വിലക്കയറ്റം സൃഷ്ടിക്കുന്ന ദുരിതത്തിന് എണ്ണ പകരുകയാണു ചെയ്തത്. പഴയ നികുതിഘടനയില്‍ മാറ്റം വരുത്തുകയും ജി.എസ്.ടി നടപ്പാക്കുകയും ചെയ്തതോടെ നിത്യജീവിതത്തിന് അത്യന്താപേക്ഷിതമായ മിക്ക ഉല്‍പ്പന്നങ്ങളുടെയും വിലയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്. അതനുസരിച്ചു തൊഴിലെടുക്കുന്നവരുടെ വരുമാനത്തില്‍ ഒട്ടും വര്‍ധനയുണ്ടായിട്ടില്ലെന്നു മാത്രമല്ല കേന്ദ്രഭരണകൂടത്തിന്റെ വികല നയങ്ങള്‍ കാരണം തൊഴില്‍ ചൂഷണങ്ങള്‍ കൂടുതല്‍ രൂക്ഷമായി വരികയുമാണ്.
സാമ്പത്തികവളര്‍ച്ചയുടെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത് നേരിട്ടുള്ള വിദേശനിക്ഷേപത്തിലെ ഉദാരവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ കൂടുതല്‍ ദുരിതം നിറയ്ക്കുകയാണ്. വിവേചനരഹിതമായി വിദേശനിക്ഷേപത്തിനു നല്‍കുന്ന ഇളവുകള്‍ ഫലത്തില്‍ രാജ്യത്തെ പരമ്പരാഗത, ചെറുകിട വ്യവസായമേഖലയുടെ കഴുത്തില്‍ കത്തിവയ്ക്കുകയാണു ചെയ്യുന്നത്. ഇത്തരം വ്യവസായ സംരംഭങ്ങളില്‍ പലതിനും ദിനംപ്രതി പൂട്ടുവീണുകൊണ്ടിരിക്കുകയാണ്.
ഇതു സൃഷ്ടിക്കുന്ന ഭീമമായ തൊഴില്‍ നഷ്ടം ദരിദ്രജനവിഭാഗങ്ങളെ കൂടുതല്‍ ദരിദ്രമാക്കുകയാണു ചെയ്യുന്നത്. ഇതിനൊക്കെ പുറമെ ചില വിദേശരാജ്യങ്ങള്‍ അവരുടെ തൊഴില്‍നയത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വലിയൊരു വിഭാഗം പ്രവാസി ഇന്ത്യക്കാരെ തൊഴില്‍രഹിതരാക്കിക്കൊണ്ടിരിക്കുകയുമാണ്. വിദേശതൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ഒട്ടും പ്രതീക്ഷ നല്‍കാത്ത സാമ്പത്തികാന്തരീക്ഷമാണ്. ഭരണകൂടം നിരത്തുന്ന ഏട്ടിലെ കണക്കുകളും രാജ്യത്തു നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള ഭീതിജനകമായ അന്തരീക്ഷത്തിലേക്കാണു പുതിയ സാമ്പത്തികസര്‍വേ കണക്കുകള്‍ വന്നുവീഴുന്നത്. ജനതയുടെ ജീവിതദുരിതങ്ങള്‍ കാണാനുള്ള കണ്ണ് ഭരണകൂടങ്ങള്‍ക്ക് ഇല്ലാത്തിടത്തോളം കാലം വളരുന്ന സാമ്പത്തിക നിരക്കുകള്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനോ അതുവഴി കൈവരിക്കേണ്ട യഥാര്‍ഥ സാമൂഹ്യാഭിവൃദ്ധിക്കോ ഒട്ടും പര്യാപ്തമാവില്ലെന്നതാണു സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."