സാമൂഹ്യവിരുദ്ധരുടെ താവളമായി പൊന്മുടിയിലെ കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍
രാജാക്കാട്: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച് പൊന്മുടിയിലെ കെ എസ് ഇ ബി ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ തകര്‍ന്നടിയുന്നു. ടൂറിസം പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങള്‍ നവീകരിച്ച് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൊന്മുടി ഹൈഡല്‍ ടൂറിസം പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപണി നടത്തി സംരക്ഷിക്കുന്നതിന് അധികൃതര്‍ തയ്യാറാകുന്നുമില്ല. ആളൊഴിഞ്ഞ കടുകയറി കെട്ടിടങ്ങള്‍ ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
പൊന്മുടി അണക്കെട്ടിന്റെ നിര്‍മ്മാണ കാലഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും താമസിക്കുന്നതിന് വേണ്ടിയാണ് കെ എസ് ഇ ബി ഇവിടെ എല്ലാവിധ സൗകര്യങ്ങളോടുംകൂടി അഞ്ച് വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. 1960 കാലഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് അന്ന് അഞ്ച് ലക്ഷത്തിലധികം രൂപാ മുതല്‍മുടക്കാണുള്ളത്. ഇന്ന് ഇത്തരത്തില്‍ ഒരു കെട്ടിടം നിര്‍മ്മിക്കണമെങ്കില്‍ അമ്പത് ലക്ഷത്തിലധികം മുടക്ക് വരും. അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തീകരിച്ച് 1963ല്‍ അണക്കെട്ട് കമ്മിഷന്‍ ചെയ്തതോടെ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും പോയി. ഇതോടെ ഈ വലിയ കെട്ടിടങ്ങള്‍ അനാഥമാകുകയും ചെയ്തു. തുടര്‍ന്ന് പതിറ്റാണ്ടുകളായി ആളും അനക്കവുമില്ലാതെ കിടക്കുന്ന കെട്ടിടത്തിന്റെ തടി ഉരുപ്പടികള്‍ സാമൂഹ്യവിരുദ്ധര്‍ മോഷ്ടിക്കുകയും കെട്ടിടങ്ങള്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കടക്കമുള്ള സങ്കേതമായി മാറുകയും ചെയ്തു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് പൊന്മുടിയില്‍ അനുവദിച്ച ഹൈഡല്‍ ടൂറിസം പരിപാടികള്‍ക്ക് കെട്ടിടങ്ങള്‍ നവീകരിച്ച് വിനോദ സഞ്ചാരികള്‍ക്ക് തങ്ങുന്നതിനായി തുറന്ന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബോട്ടിംഗ് അടക്കം നിലച്ച് ടൂറിസം പദ്ധതി അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതോടെ കെട്ടിടങ്ങള്‍ നവീകരിക്കുന്ന പരിപാടിയും അധൃകതര്‍ ഉപേക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."