പറമ്പുകാട്ടുമലയുടെ മുകളിലുണ്ടായ തീപിടിത്തത്തില്‍ വന്‍ കൃഷിനാശം
തൊടുപുഴ: ഉടുമ്പന്നൂര്‍- വെള്ളിയാമറ്റം പഞ്ചായത്ത് അതിര്‍ത്തിയിലെ പറമ്പുകാട്ടുമലയുടെ മുകളിലുണ്ടായ തീപിടിത്തത്തില്‍ വന്‍ കൃഷിനാശം. 15 ഏക്കറോളം കൃഷിയിടം കത്തി നശിച്ചു. ഇതു വരെയും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൃഷിടത്തില്‍ തീ പിടിക്കുന്നത്. നിമിഷ നേരം കൊണ്ട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. വിവരമറിയിച്ച ഉടനെ തൊടുപുഴ ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നെങ്കിലും ദുര്‍ഘടമായ പാതയും കയറ്റവും വെല്ലുവിളിയായി. ആറ് കിലോമീറ്ററോളം മുകളിലേക്ക് മാത്രമേ ഫയര്‍ഫോഴ്‌സ് വാഹനത്തിന് കയറാന്‍ കഴിഞ്ഞുള്ളു.തുടര്‍ന്ന് ഓസിട്ട് മുകളിലെ മഴവെള്ള സംഭരണിയില്‍ വെള്ളം എത്തിക്കുകയും, അവിടെ നിന്ന് ചെറിയ ഓസുപയോഗിച്ച് തീയിലേക്ക് വെള്ളം ഒഴിക്കുകയുമായിരുന്നു. ഒന്നരമണിക്കൂര്‍ പണിപ്പെട്ടാണ് കൃഷിയിടങ്ങളിലെ തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഗര്‍ത്തങ്ങളിലേക്ക് തീ പിടിക്കുകയും, അത് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ് ഇപ്പോഴുള്ളത്. ഇത് കൃഷിയിടത്തില്‍ വീണ്ടും തീ പടരാനുള്ള സാധ്യതയാണ് ഉണ്ടക്കുന്നത്.
റബര്‍, കാപ്പി, കുരുമുളക്, വാഴ, മരച്ചീനി തുടങ്ങിയ കൃഷിവിളകള്‍ നശിച്ചിട്ടുണ്ട്. ആഞ്ഞിലി, തേക്ക് മുതലായ മരങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഇരുപതോളം പേരുടെ കൃഷിയിടങ്ങള്‍ ഭാഗികമായും നശിച്ചിട്ടുണ്ടെന്നും, നാല്‍പ്പതേക്കറോളം കത്തി നശിച്ചെന്നുമാണ് കൃഷി ഉടമകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."