മുസ്ലിം വിരുദ്ധമെന്നു പരാതി; മലേഷ്യയില്‍ പദ്മാവതിനു വിലക്ക്
ക്വാലാലംപൂര്‍: ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബോളിവുഡ് ചിത്രം പദ്മാവത് മലേഷ്യയില്‍ പ്രദര്ശിപ്പിക്കുന്നതിനു വിലക്ക്. മുസ്ലിം വിരുദ്ധ ഉള്ളടക്കമുണ്ടെന്നു പറഞ്ഞ് മലേഷ്യയിലെ നാഷനല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ്(എല്‍.പി.എഫ്) ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടയുകയായിരുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി കവി മുഹമ്മദ് ജയാസിയുടെ കവിതയെ ആധാരമാക്കിയാണ് ബോളിവുഡ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ പദ്മാവതിയായി ദീപിക പദുക്കോണും ഡല്‍ഹി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങുമാണു വേഷമിട്ടത്. അലാവുദ്ദീന്‍ ഖില്‍ജിയെ ചിത്രം തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതായി ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മലേഷ്യയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് എല്‍.പി.എഫ് ചെയര്മാന് മുഹമ്മദ് സാംബരി അബ്ദുല്‍ അസീസ് പറഞ്ഞു. പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് രാജ്യത്തെ വിതരണക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."