തപാല്‍ വകുപ്പ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ജനകീയമാക്കുന്നു
തിരൂര്‍: തപാല്‍ വകുപ്പിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ രാജ്യത്താകമാനം വിപുലീകരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ബോണസ് നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ ജനകീയമാക്കാനാണ് തീരുമാനം.
വകുപ്പിലെ ജീവനക്കാര്‍ മുഖേന മാത്രം ജനങ്ങളിലേക്ക് എത്തിച്ചിരുന്ന പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ചരിത്രത്തിലാദ്യമായി ഡയറക്ട് ഏജന്റുമാരെ നിയോഗിച്ചാണ് ഇന്‍ഷുറന്‍സ് വിപണന രംഗത്ത് തപാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമും പൊതുജനങ്ങള്‍ക്കായി റൂറല്‍ പോസ്റ്റല്‍ ഇന്‍ഷുറന്‍സ് സ്‌കീമുമാണ് തപാല്‍ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതാണ് പി.എല്‍.ഐ സ്‌കീം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന ഈ സ്‌കീം ഇപ്പോള്‍ സി.ബി.എസ്.ഇ, സംസ്ഥാന എയ്ഡഡ് കോളജ്- സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഐ.ടി മേഖലയിലുള്ളവര്‍ എന്നിവര്‍ക്കു കൂടി പ്രയോജനപ്പെടും വിധം വിപുലീകരിച്ചിട്ടുണ്ട്.
1884ല്‍ ബ്രീട്ടീഷ് ഭരണകാലത്താണ് പി.എല്‍.ഐ സ്‌കീം തപാല്‍ വകുപ്പ് രാജ്യത്ത് ആരംഭിച്ചത്. 1995 മാര്‍ച്ചിലാണ് ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് നിലവില്‍ വന്നത്. എല്‍.ഐ.സി 4.8 ശതമാനം ബോണസ് നല്‍കുമ്പോള്‍ പി.എല്‍.ഐയില്‍ 5.8 ശതമാനമാണ് ബോണസ്. ഉദ്യോഗസ്ഥര്‍ക്ക് നികുതി ഇളവ് ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്. ആര്‍.പി.എല്‍.ഐയില്‍ അഞ്ച് ശതമാനവും ബോണസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."