തമിഴ്‌നാട്ടില്‍ തക്കംപാര്‍ത്ത് ദേശീയ പാര്‍ട്ടികള്‍
തമിഴ്‌നാട്ടില്‍ പുരൈട്ചി തലൈവി ജയലളിതയുടെ വിടവാങ്ങല്‍ ഒരു വലിയ വിടവ് സൃഷ്ടിക്കുമെന്ന് നേരത്തേതന്നെ കണക്കുകൂട്ടിയിരുന്നതാണ്. അത് സംഭവിക്കുകയും ചെയ്തു. ഏകനേതൃ പാര്‍ട്ടികള്‍ക്ക് നേതാവൊഴിയുമ്പോള്‍ സംഭവിക്കുന്നതില്‍ കവിഞ്ഞ് മറ്റൊന്നുമതിലില്ല. എന്നാല്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അതുണ്ടാക്കുന്ന മാറ്റം ഒന്നുവേറെയാണ്.
ഡി.എം.കെ എന്ന പാര്‍ട്ടിക്ക് കരുണാധിക്കു ശേഷം മകന്‍ സ്റ്റാലിനിലൂടെ നിലനില്‍പെങ്കിലുമുണ്ടാവും. അണ്ണാ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം എം.ജി.ആറിനുശേഷം ജയലളിത മാത്രമായിരുന്നു അമരത്തുണ്ടായിരുന്നത്. അതിനപ്പുറത്തെ ശൂന്യത അവസാനിപ്പിക്കാന്‍ ചിന്നമ്മ ശശികലയ്ക്കാവില്ലെന്ന സത്യം ഊട്ടിയുറപ്പിക്കപ്പെടുകയാണ് തമിഴ്‌നാട്ടില്‍ ഇന്നു നടക്കുന്ന സംഭവങ്ങള്‍ വെളിവാക്കുന്നത്. നേതൃസ്ഥാനത്തര്‍ക്കം എല്ലാവരും തുല്യരായതിനാല്‍ത്തന്നെയാണ്.
തമിഴ് രാഷ്ട്രീയം
തമിഴ്‌നാട് രാഷ്ട്രീയ ചരിത്രം ദ്രാവിഡ പാര്‍ട്ടികളെ ആശ്രയിച്ചാണ് എന്നും നിലനിന്നുപോരുന്നത്. മദ്രാസ് നിയമസഭാ കൗണ്‍സില്‍ രണ്ടു പതിറ്റാണ്ട് ഭരിച്ചത് ജസ്റ്റിസ് പാര്‍ട്ടിയായിരുന്നു. തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഭരണം കയ്യാളി. തമിഴ്‌നാട് സംസ്ഥാനമായതോടെ പിന്നീട് ഇങ്ങോട്ട് അഞ്ചു പതിറ്റാണ്ടോളമായി ദ്രാവിഡ പാര്‍ട്ടികളാണ് തമിഴ്‌നാടിന്റെ ഭരണചക്രം തിരിക്കുന്നത്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും തുടങ്ങി മറ്റ് ഇടതു പാര്‍ട്ടികളെ വരെ ഇരുകക്ഷികളും ചേര്‍ന്ന് മാറ്റിനിര്‍ത്തിയത് ചരിത്രം.
ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ ഭൂരിപക്ഷം ലഭിക്കാത്ത വേളകളില്‍ മാത്രമാണ് പേരിന് ദേശീയ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇവിടെ കാല്‍വയ്ക്കാനെങ്കിലും അവസരം ലഭിച്ചിരുന്നത്. ആ കഥയ്ക്ക് തിരിശ്ശീലവീഴുന്നതാണ് ഇന്നു നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രബല രാഷ്ട്രീയപ്പാര്‍ട്ടിയും ദ്രാവിഡ പാര്‍ട്ടിയുമായ അണ്ണാ ഡി.എം.കെ പിളരുന്നതോടെ നിരന്തര വൈരികളായ ഡി.എം.കെയ്‌ക്കെതിരേ ദേശീയ കക്ഷികളുടെ പിന്തുണ തേടേണ്ട അവസ്ഥയാണ് അവര്‍ക്ക് വരിക.
തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍
തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍ ദേശീയ കക്ഷികളായ കോണ്‍ഗ്രസും ബി.ജെ.പിയും കാലങ്ങളായി ശ്രമിക്കുന്നു. ഗത്യന്തരമില്ലാത്ത വേളകളില്‍ മാത്രമാണ് ദ്രാവിഡപാര്‍ട്ടികള്‍ ഇരു പാര്‍ട്ടികളുടെയും സഹായം തേടുന്നതെങ്കിലും അടുത്തകാലത്തായി ഈ പാര്‍ട്ടികളെ സംസ്ഥാനത്ത് അടുപ്പിക്കാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് അറുതി വരുകയാണ്. അണ്ണാ ഡി.എം.കെയുടെ ഒരു വിഭാഗം കോണ്‍ഗ്രസിനെയും മറ്റേ വിഭാഗം ബി.ജെ.പിയേയും കൂട്ടുപിടിക്കുന്ന അവസ്ഥ ഉരുണ്ടുകൂടുകയാണിന്ന്. ഇരു ഘടകങ്ങളും ഡി.എം.കെയെ കൂട്ടില്ലെന്നാണ് കരുതുന്നത്. എങ്കിലും മഹാസഖ്യങ്ങള്‍ക്കും വരുന്ന തെരഞ്ഞെടുപ്പുകളില്‍ സാധ്യത തെളിയുന്നുമുണ്ട്.
നാടകങ്ങള്‍ക്ക് 5 വര്‍ഷം
സംസ്ഥാനത്ത് ജയലളിത സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അടുത്ത നാലു വര്‍ഷത്തേക്ക് തമിഴ്‌നാട്ടില്‍ മറ്റ് അസാധാരണ സംഭവ വികാസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മറ്റൊരു ഭരണമാറ്റത്തിന് വിദൂരസാധ്യതയാണിന്നുള്ളത്. എന്നാല്‍ അഞ്ചുവര്‍ഷത്തിനപ്പുറമുള്ള തമിഴ്‌നാട് രാഷ്ട്രീയം ഇന്നത്തേതില്‍ നിന്ന് ഏറെ വിഭിന്നമായിരിക്കും. ശക്തനായ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയെ തളയ്ക്കുക അണ്ണാ ഡി.എം.കെയ്ക്ക് അസാധ്യമായിരിക്കും. അതിനുള്ള ശ്രമത്തിന്റെ ഭാഗമായി ദേശീയ കക്ഷികളുടെ പിന്തുണ തേടാന്‍ അവര്‍ ശ്രമിക്കുക സ്വാഭാവികമാണ്. ഇത് നിലവിലുള്ള എം.എല്‍.എമാരില്‍ പലരും കാലുമാറി സീറ്റുറപ്പാക്കാനും രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനും ശ്രമം നടത്തുന്നതിലേക്ക് നയിക്കും. എല്ലാ പാര്‍ട്ടികള്‍ക്കും ഇത് ഗുണം ചെയ്യും.
ചുരുക്കിപ്പറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ മറ്റു സംസ്ഥാനങ്ങളിലേതിനു തുല്യമായി രാഷ്ട്രീയക്കളികളുടെ അരങ്ങാണ് വരാനിരിക്കുന്നത്. ഇതുവരെ സ്വര്‍ഗീയ സുഖമാണ് ഇരു ദ്രാവിഡ പാര്‍ട്ടികളുടെയും കീഴില്‍ ജനത അനുഭവിച്ചിരുന്നതെങ്കില്‍ രാഷ്ട്രീയം എന്തെന്ന് അവര്‍ ഇനി കാണാനും അനുഭവിക്കാനുമിരിക്കുന്നതേയുള്ളൂ.
ശശികലയും പനീര്‍ശെല്‍വവും
ജയലളിതയുടെ സന്തത സഹചാരിയായ ശശികല അവരുടെ പിന്‍ഗാമിയായി അവതരിച്ചത് സ്വാഭാവിക പരിണാമമാണ്. ഇന്നുള്ള അണ്ണാ ഡി.എം.കെ എം.എല്‍.എമാരില്‍ മുതിര്‍ന്നവരൊഴിച്ചുള്ള ഭൂരിപക്ഷം പേരും ശശികലയോട് കടപ്പെട്ടവരാണ് എന്നതാണ് കാരണം. ജയലളിത അസുഖബാധിതയായപ്പോഴും മറ്റും സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചുക്കാന്‍ പിടിച്ചത് ശശികലയും ഭര്‍ത്താവും ചേര്‍ന്നായിരുന്നു. പലപ്പോഴും ഇവരുടെ ശുപാര്‍ശയിലാണ് പലര്‍ക്കും സീറ്റുകള്‍ ലഭിച്ചത്. അതുകൊണ്ട് നിര്‍ണായക ഘട്ടങ്ങളില്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള എം.എല്‍.എമാര്‍ അവര്‍ക്കെതിരേ തിരിയാന്‍ സാധ്യത വിരളമാണ്. ജയലളിതയ്ക്കു പകരക്കാരിയായോ പിന്‍ഗാമിയായോ ശശികലയെ കാണാന്‍ കഴിയാത്തത് തമിഴ് ജനതയ്ക്കാണ്. ഇനി അവരുടെ വികാരമാണ് പനീര്‍ശെല്‍വത്തിന് മുതലെടുക്കാനാവുക.
എന്നാലും അടുത്ത തെരഞ്ഞെടുപ്പില്‍ മാത്രമേ തമിഴ് ജനത അവരുടെ മനസ് തുറക്കുകയുള്ളൂ എന്നും ഒ.പി.എസിനറിയാം. അതുവരെ ജയലളിതയുടെ അനന്തരാവകാശിയായി സ്വയം അവരോധിക്കപ്പെടാനാണ് ശെല്‍വം ശ്രമിക്കുന്നത്. ജീവിച്ചിരുന്ന ജയലളിത വിശ്വസ്തനായി ഭരണം ഏല്‍പിച്ചതും മുന്‍ കാബിനറ്റുകളില്‍ ഉണ്ടായിരുന്നതും മുതിര്‍ന്ന നേതാവായ പനീര്‍ശെല്‍വമായിരുന്നു എന്നോര്‍ക്കേണ്ടതുണ്ട്.
പുരൈട്ചി തലൈവിയോടൊപ്പം എത്രയോ തവണ ശെല്‍വത്തെ തമിഴ് ജനത കണ്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ ആ സാധ്യത ഉപയോഗിച്ച് ഭരണം തുടരാനോ നേടാനോ പനീര്‍ശെല്‍വത്തിന് ശ്രമിക്കാവുന്നതാണ്. അത് അദ്ദേഹം ചെയ്യും. അതിനു പിന്തുണ ലഭിക്കണമെങ്കില്‍ തമിഴ് ജനത കനിയണം. അതിനു കാത്തിരുന്നേ മതിയാവൂ.
ബി.ജെ.പിയും കോണ്‍ഗ്രസും
തമിഴ്‌നാട്ടില്‍ ഒരു ചുവടെങ്കിലും വയ്ക്കാന്‍ ദാഹിക്കുകയാണ് ഇരുപാര്‍ട്ടികളും. രണ്ടു ദശാബ്ദം തമിഴ്‌നാട് ഭരിച്ച കോണ്‍ഗ്രസിന് ശക്തിക്ഷയം സംഭവിച്ചിരിക്കുന്നു.
ബി.ജെ.പിയാവട്ടെ ദ്രാവിഡ പാര്‍ട്ടികളുടെ വാതിലില്‍ മുട്ടി ഇന്നും നിരങ്ങി നീങ്ങുകയും ചെയ്യുന്നു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് തമിഴ് രാഷ്ട്രീയത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും ഒന്നും ചെയ്യാനില്ല. ഇരുപാര്‍ട്ടികളും വിചാരിച്ചാല്‍ ഇപ്പോഴിവിടെ ഒന്നും നടക്കുകയുമില്ല.
എന്നാല്‍ ഒരു വര്‍ഷത്തിനപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പും ഈ വര്‍ഷം ജൂലൈക്ക് മുന്‍പ് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പും വരാനിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുള്ള ചൂണ്ടുപലകയായേക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇരുപാര്‍ട്ടികളും രൂപീകരിക്കുന്ന സഖ്യങ്ങളിലൂടെ ലോക്‌സഭാ സീറ്റുകള്‍ നേടിയെടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ തമിഴ് രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനാവുക എന്ന ചിരകാല സ്വപ്നം ഇരു പാര്‍ട്ടികള്‍ക്കും പൂവണിഞ്ഞു കാണാനുള്ള ഭാഗ്യം കൈവന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."