ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമാക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമായി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യകളെ സംബന്ധിച്ച വിഷയത്തില്‍ സുപ്രിം കോടതിയില്‍ നടന്ന വാദത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
മറ്റു രാജ്യങ്ങളില്‍ നിന്ന് ഹിന്ദു, സിഖ് അഭയാര്‍ഥികളെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്യുമ്പോള്‍ എന്തുകൊണ്ട് മുസ്്‌ലിംകളുടെ കാര്യത്തിലും ഇത് സാധ്യമാകുന്നില്ലെന്ന പ്രശാന്ത് ഭൂഷണ്‍ നടത്തിയ വാദത്തോടുള്ള പ്രതികരണമായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് റോഹിംഗ്യാ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജിയിലാണ് രാജ്യത്തെ അഭയാര്‍ഥികളുടെ തലസ്ഥാനമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദംകേള്‍ക്കവെ സ്വാഗതം എന്ന വാക്ക് ഉപയോഗിച്ച ഭൂഷന്റെ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതിഷേധിച്ചു.
ദാരിദ്ര്യത്തിലും വൃത്തിഹീനമായ അന്തരീക്ഷത്തിലുമുള്ള ക്യാംപുകളിലാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയില്‍ കഴിയുന്നത്. സ്‌കൂളോ ആശുപത്രിയോ അവര്‍ക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് ഇന്ത്യയുടെ രാജ്യാന്തര അഭയാര്‍ഥി നയത്തിന്റെ ലംഘനമാണെന്നും വ്യക്തമാക്കി. അതിര്‍ത്തികളിലെത്തുന്ന അഭയാര്‍ഥികളെ കുരുമുളക് സ്‌പ്രേയും ഗ്രനേഡുകളും ഉപയോഗിച്ചു ബി.എസ്.എഫ് ഭടന്‍മാര്‍ തിരിച്ചയക്കുകയാണ്. അഭയം തേടിയെത്തുന്നവരെ മടക്കി അയക്കുന്നത് അഭയാര്‍ഥി നയത്തിന്റെ ലംഘനമാണ്. റോഹിംഗ്യകള്‍ ഇന്ത്യയിലേക്കു പ്രവേശിക്കുന്നത് തടയരുതെന്നും ഭൂഷണ്‍ വാദിച്ചു.
അതിര്‍ത്തികളില്‍ അഭയാര്‍ഥികളോടുള്ള പെരുമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചനടത്തിവരികയാണെന്നും തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ ഭരണഘടന പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ കടമ. കരുണ കാണിക്കേണ്ട വിഷയമല്ല ഇതെന്നും തുഷാര്‍ മേത്ത പറഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഒരാള്‍ വന്ന് ഞാന്‍ അഭയാര്‍ഥിയാണ് എന്ന് അവകാശപ്പെട്ടാല്‍ അതിന്റെ സത്യാവസ്ഥ പരിശോധിക്കണം.
അയാളെ ബലംപ്രയോഗിച്ച് പുറത്താക്കാനാകില്ല. അതിന് വിരുദ്ധമായി ചെയ്താല്‍ ഇന്ത്യയുടെ അഭയാര്‍ഥി നിര്‍ണയാവകാശത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ഭരണഘടനാ വിദഗ്ധന്‍ രാജിവ് ധവാന്‍ ചോദിച്ചു. അഭയാര്‍ഥികളോടു മാനുഷികപരിഗണന വേണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അശ്വിനി കുമാറും ആവശ്യപ്പെട്ടു.
പ്രശ്‌നം നയതന്ത്രപരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനു വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. ഒക്ടോബറില്‍ കേസ് പരിഗണിക്കുന്നതിനിടെ കേസില്‍ അന്തിമതീരുമാനമുണ്ടാവുന്നതുവരെ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തരുതെന്നും സുപ്രിംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. കേസില്‍ അടുത്തമാസം ഏഴിനു വീണ്ടും വാദംകേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."