ഗോള്‍ഫ് കളിയും കാണ്ടാമൃഗ സംരക്ഷണവും; ഇത് ക്രൗസ് സ്റ്റൈല്‍
കൊച്ചി: ക്രൗസിന് ഗോള്‍ഫ് മാത്രമല്ല കാണ്ടാമൃഗ സംരക്ഷണത്തിനൊപ്പം മൃഗ വേട്ടയ്ക്കുള്ള സൗകര്യം ഒരുക്കലും വിനോദമാണ്. പി.ജി.ടി.ഐ - കൊച്ചിന്‍ മാസ്റ്റേഴ്‌സ് ഗോള്‍ഫ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സ്വദേശി ക്വറ്റിന്‍ ഗാരറ്റ് ക്രൗസാണ് ഗോള്‍ഫും മൃഗ സംരക്ഷണവും മൃഗ വേട്ടയും ഒരു പോലെ കൊണ്ടു നടക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗര്‍ ദേശീയ പാര്‍ക്കിന് സമീപം സ്വന്തമായി 8000 ഏക്കര്‍ വനഭൂമിയാണ് ക്രൗസിനുള്ളത്. ഇതിന് പുറമേ സുഹൃത്തുമായി ചേര്‍ന്ന് 20000 ഏക്കര്‍ വനം വേറെയുമുണ്ട്. 30 കാണ്ടാമൃഗങ്ങളെയാണ് ക്രൗസ് സംരക്ഷിക്കുന്നത്. ക്രൗസും സുഹൃത്തും മറ്റ് വന്യ മൃഗങ്ങളെയും സ്വന്തം വനത്തില്‍ വളര്‍ത്തുന്നുണ്ട്. മാന്‍, ജിറാഫ്, കാട്ടുപോത്ത്, പുള്ളിപ്പുലി തുടങ്ങിയവയേയാണ് വളര്‍ത്തുന്നത്. ഇതാകട്ടെ നായാട്ട് വിനോദവുമായി അമേരിക്കയിലും ജര്‍മനിയിലും നിന്നെത്തുന്നവര്‍ക്ക് വേട്ടയാടാനാണ്.
ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലാണ് ക്രൗസിന്റെ വനം. ഗോള്‍ഫ് ടൂര്‍ണമെന്റുകളിലെ പര്യടനം കഴിഞ്ഞാല്‍ ക്രൗസ് പറന്നെത്തുക സ്വന്തം വനത്തിലേക്കാണ്. മാസത്തില്‍ എട്ട് ദിവസം കൃത്യമായി ക്രിസ് തന്റെ വനത്തില്‍ എത്തിയിരിക്കും. മൃഗവേട്ട വിനോദക്കാര്‍ക്ക് ഒരു ഭാഗത്ത് സൗകര്യം നല്‍കുന്നതിനൊപ്പം മറുഭാഗത്ത് വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങള്‍ക്ക് സംരക്ഷണവും നല്‍കുന്നു. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാന്‍ 28000 ഏക്കര്‍ വനത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍, ഇത് മറികടന്നും ചിലര്‍ കാണ്ടാമൃഗങ്ങളെ വേട്ടയാടുകയാണെന്ന് ക്രിസ് പറഞ്ഞു. എല്ലാ വിദേശ രാജ്യങ്ങളിലും അരങ്ങേറുന്ന പ്രൊഫഷണല്‍, അമച്വര്‍ ഗോള്‍ഫ് ടൂര്‍ണമെന്റുകളിലും ക്വറ്റിന്‍ ഗാരറ്റ് ക്രൗസ് പങ്കെടുക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."