ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 90ഓളം കുടിയേറ്റക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ട്രിപ്പോളി: ലിബിയന്‍ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 90 പേര്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബോട്ട് മറിഞ്ഞത്. അപകടത്തില്‍പെട്ടവരില്‍ കൂടുതല്‍ പേരും പാകിസ്താനികളാണെന്നാണു വിവരം. മൂന്നുപേരെ രക്ഷിച്ചിട്ടുണ്ട്. പത്തു പേരുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞതായി ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍(ഐ.ഒ.എം) അറിയിച്ചു.
വടക്കന്‍ ആഫ്രിക്കയില്‍നിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ബോട്ട് അപകടത്തില്‍പെട്ടതെന്ന് ഐ.ഒ.എം വക്താവ് ഒലിവിയ ഹെഡോണ്‍ പറഞ്ഞു. 90 പേര്‍ കടലില്‍ മുങ്ങിയതായി വ്യക്തമായിട്ടുണ്ടെങ്കിലും എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കാര്യം സ്ഥിരീകരിച്ചിട്ടില്ല. കരക്കടിഞ്ഞ മൃതദേഹങ്ങളില്‍ രണ്ടെണ്ണം ലിബിയക്കാരും ബാക്കി പാകിസ്താനികളുമാണ്. രണ്ട് ലിബിയക്കാരെയും ഒരു പാകിസ്താനിയെയും രക്ഷിക്കുകയും ചെയ്തു. കാണാതായവര്‍ക്കായി ലിബിയന്‍ തീരരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
യൂറോപ്പിലേക്ക് കടല്‍മാര്‍ഗം കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പാതയാണ് ലിബിയന്‍ കടല്‍. ഇവിടെ അഭയാര്‍ഥി-കുടിയേറ്റ ബോട്ടുകള്‍ അപകടത്തില്‍പെടുന്നതു പതിവാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലിബിയ വഴി ആറു ലക്ഷത്തോളം പേര്‍ ഇറ്റലിയിലേക്കു കടന്നതായാണു കണക്ക്. ഈ വര്‍ഷം മാത്രം 6,624 പേര്‍ ഇതുവഴി യൂറോപ്പിലെത്തിയതായി ഐ.ഒ.എം അറിയിച്ചു. 246 പേര്‍ മുങ്ങിമരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി അനധികൃതമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറുന്നവരെ കണ്ടെത്താന്‍ ലിബിയന്‍ തീരരക്ഷാസേനയും യൂറോപ്യന്‍ യൂനിയനും തമ്മില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."