ഏനാത്ത് ബെയ്‌ലി പാലം അപ്രോച്ച് നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം പരിശോധന നടത്തി
കൊട്ടാരക്കര: ഏനാത്ത് നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തെകുറിച്ച് പഠിക്കാന്‍ പൊതുമരാമത്ത് ഡിസൈനിങ് ചീഫ് എന്‍ജിനീയര്‍ കെ.സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലപരിശോധന നടത്തി. റോഡിന്റെ ഉറപ്പ് പരിശോധിച്ചപ്പോള്‍ പാലം 5 മീറ്റര്‍ കൂടി നീട്ടിയാല്‍ മാത്രമേ ആവശ്യമായ ഉറപ്പ് ലഭിക്കുകയുള്ളൂ എന്ന് സംഘം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബെയ്‌ലി പാലം 50 മീറ്റര്‍ എന്നത് 5 മീറ്റര്‍ കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സൈന്യത്തിന് കത്ത് നല്‍കി. കത്ത് പരിശോധിച്ച ശേഷം സൈന്യം നിലപാട് അറിയിക്കും.
അപ്രോച്ച് റോഡ് നിര്‍മാണത്തിനാവശ്യമായ തൂണുകളുടെ നിര്‍മാണം, വെള്ളത്തിന്റെ അളവ് ഉയരുകയാണങ്കില്‍ അത് ഒഴുക്കിക്കളയാനുള്ള സംവിധാനം എന്നിവയാണ് ഇന്നലെ എത്തിയ സംഘം പ്രധാനമായി പരിശോധിച്ചത്. പാലം നിര്‍മിക്കുന്ന സ്ഥലത്ത് അപ്രോച്ച് റോഡ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സൈന്യം ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത് മിനിലോറികള്‍, ആംബുലന്‍സ് എന്നീ വാഹനങ്ങള്‍ക്ക് വരെ കടന്നുപോകാന്‍ ശേഷിയുള്ള പാലത്തിന്റെ രുപരേഖയാണ്. വണ്‍വേ ആയിട്ടായിരിക്കും വാഹനങ്ങള്‍ കടത്തിവിടുക. പഴയപാലത്തിന് സമീപമുള്ള കടവിലാണ് പാലം താല്‍ക്കാലികമായി നിര്‍മിക്കുന്നതിന് മിലിട്ടറിയുടെ എന്‍ജിനീയറിങ് വിഭാഗമായ മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പ് പ്ലാന്‍ തയ്യാറാക്കി സൈനിക ആസ്ഥാനത്ത് സമര്‍പ്പിച്ചിരിക്കുന്നത്.
പുതിയ പാലത്തില്‍ നിന്ന് 50 മീറ്റര്‍ മാറി പഴയ ഏനാത്ത് ജങ്ഷന്‍ റോഡില്‍ എത്തും വിധമാണ് നിര്‍മാണം. ഇവിടെ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ഇന്നലെ സംഘം എത്തിയത്. എന്നാല്‍, പഴയ പാലത്തിന്റെ ബലപ്പെടുത്തല്‍ നടപടികള്‍ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. തൂണുകള്‍ നിര്‍മിക്കുന്നതിനുള്ള സ്റ്റീല്‍ലൈനറുകളുടെ നിര്‍മാണമാണ് ഇപ്പോഴും നടക്കുന്നത്. രണ്ട് തൂണുകള്‍ക്ക് ആവശ്യമായ ലൈനറുകളാണ് നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."