നൊമ്പരങ്ങളുടെ പെണ്ണ്, കുപിതയായ പെണ്ണ്
അന്താരാഷ്ട്ര പ്രശസ്തയായ എഴുത്തുകാരി, നോവലിസ്റ്റ്, സ്ത്രീ ശാക്തീകരണ പോരാളി എന്നീ നിലകളില്‍ ഈജിപ്ത്യന്‍ സാഹിത്യത്തിലെ നിറസാന്നിധ്യമാണ് 'അറബ് ലോകത്തെ സിമോന്‍ ദേ ബുവേ' എന്നു വിശേഷിപ്പിക്കപ്പെടുന്ന വന്ദ്യവയോധികയായ നവാല്‍ അല്‍ സഅദാവി. 1944ല്‍ തന്റെ പതിമൂന്നാം വയസില്‍ രചിച്ച 'സുവാദ് എന്ന പേരായ കുട്ടിയുടെ ഡയറി' (ഉശമൃ്യ ീള മ ഇവശഹറ ഇമഹഹലറ ടീൗമറ) മുതല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന സര്‍ഗസപര്യയില്‍ മുസ്‌ലിം ലോകത്തെ സ്ത്രീ വിരുദ്ധതക്കെതിരേ എന്നും ശക്തമായി നിലക്കൊണ്ടിട്ടുണ്ട് സഅദാവി. താരതമ്യേന പുരോഗമനവാദിയായിരുന്ന പിതാവിന്റെ ശിക്ഷണം കാരണം കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടി ഡോക്ടറും മനോരോഗ വിദഗ്ധയുമായി സേവനം ചെയ്യാന്‍ അവസരം കിട്ടിയതു പുരുഷാധിപത്യ ഘടനയില്‍ സ്ത്രീകള്‍ അനുഭവിച്ചുവന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരില്‍ മനസിലാക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിരുന്നു. സാഹിത്യത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും അവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കു ലോകപ്രശസ്തമായ യൂനിവേഴ്‌സിറ്റികളില്‍നിന്നുള്ള ഓണററി ഡോക്ടറേറ്റുകള്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
'വിമിന്‍ ആന്‍ഡ് സെക്‌സ് ' പോലുള്ള വിവാദകൃതികളിലൂടെ ലോകമെമ്പാടും വായനാസമൂഹത്തെ നേടുമ്പോഴും ഈജിപ്ത്യന്‍ സര്‍ക്കാരുമായി ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടി വന്ന വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരി തടവിലാക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും സ്വാഭാവികമായിരുന്നു. 'പെണ്‍തടവറയിലെ ഓര്‍മക്കുറിപ്പുകള്‍', 'വിമിന്‍ അറ്റ് പോയിന്റ് സീറോ' തുടങ്ങിയ രചനകള്‍ അവരുടെ നേരനുഭവങ്ങളുടെ ചൂട് പങ്കുവയ്ക്കുന്നവയാണ്. ഇസ്‌ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പ്രവാസവഴി തിരഞ്ഞെടുത്ത സഅദാവി വിഖ്യാതമായ അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചു.
സഅദാവിയുടെ ആദ്യകാല രചനകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് 'ദൈവം നൈല്‍നദിക്കരയില്‍ മരിക്കുന്നു'. 2006ല്‍ നോവലിന്റെ പുതിയ പതിപ്പിനുള്ള മുഖവുരയില്‍ നവാല്‍ അല്‍ സവദാവി ഇങ്ങനെ കുറിച്ചു: ''മുപ്പതിലേറെ കൊല്ലങ്ങള്‍ക്ക് മുന്‍പെഴുതിയതാണെങ്കിലും 'ഗോഡ് ഡൈസ് ബൈ ദി നൈല്‍' ഇന്നും ഈജിപ്ത്യന്‍ സ്ത്രീയുടെ അവസ്ഥ വിവരിക്കുന്നുവെന്ന് എനിക്കു തോന്നുന്നു. ഇപ്പോഴത്തെ ഭരണം സാദാത്തിന്റെ ഭരണത്തെക്കാള്‍ മെച്ചമല്ല. കൂടുതല്‍ മോശം പോലുമാണ്. ദാരിദ്ര്യവും അമേരിക്കന്‍ പുത്തന്‍ കൊളോനിയലിസവും മതമൗലികതയും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ ഇടയ്ക്കിടെ എന്റെ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ അതിപ്പോഴും സാകിയയുടെ ഗ്രാമം പോലെത്തന്നെയുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം ആളുകള്‍ ഇപ്പോഴും ഈ പുസ്തകം വായിക്കുന്നത്.'' (ആമുഖം, നവാല്‍ അല്‍ സഅദാവി, 'ഗോഡ് ഡൈസ് ബൈ ദി നൈല്‍ ആന്‍ഡ് അദര്‍ നോവല്‍സ് ', ഇസെഡ് ബുക്‌സ്, ലണ്ടന്‍, 2015). ഇതൊക്കെയാണെങ്കിലും ഇപ്പോഴും അറബ് മൂലത്തില്‍ തന്റെ തലക്കെട്ട് അതേപടി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും 'ദൈവം മരിക്കുക' എന്നത് ദൈവം ചമഞ്ഞവന്റെ മരണം എന്ന അര്‍ഥത്തില്‍ പോലും വകവച്ചു കൊടുക്കാന്‍ പ്രസാധകര്‍ക്കു ഭയമാണെന്നും നോവലിസ്റ്റ് ഇതേ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ആറോ ഏഴോ വയസുള്ളപ്പോള്‍ കേള്‍ക്കാനിടയായ ഒരു ആത്മഹത്യയുടെ കഥയാണ് നോവലിന്റെ ആദ്യ പ്രചോദനമെന്ന് നോവലിസ്റ്റ് ഏറ്റുപറയുന്നുണ്ട്. മേയറുടെ വീട്ടുവേലക്കാരിയായിരുന്ന പെണ്‍കുട്ടി മുങ്ങിമരിക്കുകയായിരുന്നു. പത്തു വയസുള്ളപ്പോള്‍ സമാനമായ മറ്റൊരു സംഭവവും കേള്‍ക്കാനിടയായി. അതേ മേയറുടെ മറ്റൊരു വീട്ടുവേലക്കാരിയും ഗര്‍ഭിണിയുമായ പതിനാലുകാരി ഓടിപ്പോയെന്നാണു കേട്ടത്. മേയര്‍ക്കുനേരെ വിരല്‍ചൂണ്ടിയ ഏക വ്യക്തിയായ, പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്ന യുവാവ് വയലില്‍ വെടിയേറ്റുമരിച്ചു. ആരുമൊന്നും പറയാതിരുന്നതിന് ഉമ്മൂമ്മ നല്‍കിയ വിശദീകരണം ഇതായിരുന്നു: ''മേയര്‍ ഒരു ദൈവമാണ്, ആര്‍ക്കും അയാളെ ശിക്ഷിക്കാനാവില്ല. അയാള്‍ ദരിദ്രരായ കര്‍ഷകരെ നികുതിയുടെ പേരില്‍ നായാടി, കുടിയിറക്കി. അവരുടെ ഇളം യുവതികളെ ഒരു വൈകൃത ഭീകരതയോടെ വേട്ടയാടി. ചോദ്യം ചെയ്തവരെ കള്ളക്കേസുകളില്‍ ഒതുക്കി, ഒടുക്കി.'' ഈ മേയര്‍ ഉമ്മൂമ്മയുടെ വാക്കുകളിലെ ദൈവം തന്നെയാണ് നോവലന്ത്യത്തില്‍ സാകിയ മുത്തശ്ശിയുടെ വിധിതീര്‍പ്പിനു പാത്രമാകുന്നത്: ''അയാള്‍ അതാ അവിടെയുണ്ട്, എന്റെ കുഞ്ഞേ. ഞാനയാളെ നൈല്‍ നദിക്കരയില്‍ മറവു ചെയ്തു.''
കഫര്‍ അല്‍ തീന്‍ എന്ന സുന്ദരവും നിദ്രാലസ്യമുള്ളതുമായ ഈജിപ്ത്യന്‍ ഗ്രാമത്തിലെ നിരക്ഷരരും ദരിദ്രരുമായ കര്‍ഷകരും മതകാര്യങ്ങളില്‍ അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും പരിമിതികള്‍ ഉള്ളവരുമായ പാവം ജനങ്ങളും അവരുടെ ദൗര്‍ബല്യങ്ങള്‍ ആവോളം ആസ്വദിച്ചും മുതലെടുത്തും കഴിയുന്ന അങ്ങേയറ്റം അഴിമതി പുരണ്ട അധികാരകേന്ദ്രമായ മേയറും അയാളെ പ്രീണിപ്പിച്ച് അയാളുടെ സ്ത്രീലമ്പടത്വത്തിനു കൂട്ടുനില്‍ക്കുന്ന ഗ്രാമമുഖ്യരുമാണു നോവലിലെ കഥാപാത്രങ്ങള്‍. സാകിയ മുത്തശ്ശിയുടെ സുന്ദരികളായ പേരക്കുട്ടികള്‍ സൈനബ്, അനിയത്തി നഫീസ എന്നിവരുടെ മേല്‍ മേയറുടെ കണ്ണു പതിയുന്നതാണ് നോവലിന്റെ പ്രമേയങ്ങളെ അധികം സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെത്തന്നെ അവതരിപ്പിക്കാനുള്ള തുടക്കമാവുന്നത്. മന്ദബുദ്ധിയെങ്കിലും മിസ്‌റിലെ അധികാരശ്രേണിയില്‍ തന്നെക്കാള്‍ വലിയ പദവികളിലെത്തിയ സഹോദരനോടുള്ള അസൂയ മേയറുടെ സ്വഭാവ ദൂഷ്യങ്ങള്‍ക്ക് വളമാകുന്നുണ്ടോ എന്നു സംശയിക്കാം.
പള്ളിയിലെ മുതവല്ലി മാത്രമല്ല ചര്‍ച്ചിലെ ഷെയ്ഖും അയാളുടെ നീക്കങ്ങള്‍ക്കു കൂട്ടാണ്. നഫീസയെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അയാള്‍ സാകിയയുടെ സഹോദരനായ പാവം വയോധികന്‍ കുഫ്രാവിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുന്നത്. അതേ മനോഭാവത്തോടെ അയാള്‍ നടത്തുന്ന മറ്റൊരു കരുനീക്കത്തിന്റെ ഭാഗമായാണ് വിമുക്തഭടനായിട്ടും ജലാലിനും അതേ ഗതി വരുന്നത്. സാകിയയുടെ മാനോവിഭ്രാന്തിയുടെ കാരണവും സ്ത്രീ ജീവിതം നേരിടുന്ന അറ്റമില്ലാത്ത ദുരന്തങ്ങളില്‍പെട്ട് പോകുന്നതു തന്നെയാണ്. എന്നാല്‍ നഫീസയുടെ കുഞ്ഞിന്റെ പിതാവ് എല്‍വായാണെന്നും അതുകൊണ്ടാണ് അഭിമാനക്കൊലയായി കുഫ്രാവി അയാളെ കൊന്നുകളഞ്ഞതെന്നുമുള്ള മേയറുടെ തിരക്കഥയുടെ അപ്പുറം സാകിയ മുത്തശ്ശി ഉന്മാദത്തിന്റെ അകക്കണ്ണിലൂടെ അറിയുന്നുണ്ട്. സൈനബിനു സംഭവിക്കുന്ന ദുരന്തത്തിനും അയാള്‍ തന്നെയാണു കാരണമെന്നും അവര്‍ തിരിച്ചറിയുന്നു. മുന്‍പ് തന്റെ അസുഖം ഭേദമാക്കാനായി പുണ്യനഗരിയില്‍ സിയാറത്തിന് അയച്ച ഘട്ടത്തില്‍ ദൈവശബ്ദമായി തന്നില്‍ എത്തിയ മേയറുടെ നാടകങ്ങള്‍ ഇനിയും തുടര്‍ന്നുകൂടാ എന്ന ഘട്ടത്തിലാണ്, തെളിഞ്ഞ മനസോടെ, ഉന്മാദ ലേശമില്ലാതെ സാകിയ ആ അടക്കം സാധിച്ചെടുക്കുന്നത്.
നഫീസയുടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തുകയും, 'അപശകുനങ്ങളുടെ നിമിത്തമായ ഹറാംപിറപ്പിനെ' സംരക്ഷിക്കുന്നതിലൂടെ നാടിനു ദുര്യോഗങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്തതിനു രതിമൂര്‍ച്ഛയോടെ ആണ്‍കൂട്ടം വേട്ടയാടുകയും കുഞ്ഞിനോടൊപ്പം കൊല്ലപ്പെടുകയും നൈല്‍തീരത്ത് അടക്കപ്പെടുകയും ചെയ്യുന്ന ഫതഹിയ, മനസറിയാത്ത ആരോപണത്തില്‍ ജയിലിലായ ഭര്‍ത്താവ് ജലാലിനെ തേടി പട്ടണത്തിലെത്തുകയും ചതിയില്‍പെട്ട് അജ്ഞാതവിധിയിലേക്കു പോവുകയും ചെയ്യുന്ന സൈനബ്, തന്റെ നാണക്കേടിന്റെ ഓര്‍മകളുമായി നൈലിന്റെ അഗാധതകളില്‍ മറയുന്ന നഫീസ എന്നു തുടങ്ങി എല്ലാ സ്ത്രീകഥാപാത്രങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആണ്‍ലോകത്തിന്റെ വേട്ടയാടലിന്റെ ദുരന്തപാത്രങ്ങള്‍ തന്നെ. യഥാര്‍ഥത്തില്‍ നോവലിലെങ്ങും ലിംഗപരമായ അസമത്വത്തിന്റെ പ്രശ്‌നം ഏതാണ്ട് ഏകപക്ഷീയമാംവിധം കറുപ്പിലും വെളുപ്പിലുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെല്ലാം ദുഷിച്ചുപോയ മതനേതൃത്വത്തിന്റെയും അധികാരസ്ഥാനീയരുടെയും കുടിലതകളുടെ ഇരകളാണ്. വ്യത്യസ്ത വീക്ഷണങ്ങളിലൂടെയുള്ള ആഖ്യാനത്തില്‍ പുരുഷവീക്ഷണത്തില്‍ സ്ത്രീകളെ പ്രകടമായും ഭോഗവസ്തുവെന്ന നിലയിലുള്ള ഭാഷാപ്രയോഗങ്ങളില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.
എല്ലായ്‌പ്പോഴും ധാര്‍മികവിലക്കുകളാണ് അവരുടെ വേഷത്തെയും സമൂഹത്തിലെ സ്ഥാനത്തെയും അടയാളപ്പെടുത്തുന്നതെങ്കിലും ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തോടെയാണു പുരുഷലോകം അവരുടെ ഉടലളവുകളെ അവസരത്തിലും അനവസരത്തിലും വിവരിക്കുന്നത്. ഇരപിടിയന്മാരുടെ മുഖമാണ് ഒട്ടുമിക്ക പുരുഷ കഥാപാത്രങ്ങള്‍ക്കുമുള്ളത്. സദാചാരം പുലരേണ്ടതു സ്ത്രീകളിലാണെന്ന കാപട്യം അടയാളപ്പെടുത്തുന്നതാണ് അവരുടെ പെണ്‍സമീപനങ്ങള്‍. ''ആണുങ്ങള്‍ എപ്പോഴും വഴിതെറ്റി നടക്കുന്നവരാണ്. പക്ഷെ ഇപ്പോള്‍ സ്ത്രീകളും ചാരിത്ര്യം കളഞ്ഞു കുളിക്കുകയാണ്.'' സാഹിത്യപരമായ മൂല്യവിചാരത്തില്‍ അത്ര മികച്ചതായി കണക്കാക്കാനാവാത്ത ഈ ദ്വിമാന നിലപാട് പുസ്തകം എഴുതപ്പെട്ട കാലത്തിന്റെ സ്ത്രീ വിമോചക സങ്കല്‍പ്പങ്ങളുമായി ഒത്തുപോവുന്നതാണ്. സഅദാവിയുടെ 'വിമിന്‍ ആന്‍ഡ് സെക്‌സ് ' രണ്ടാം തലമുറ ഫെമിനിസ്റ്റ് കാഴ്ചപ്പാടിന് ഏറെ ഊര്‍ജം പകര്‍ന്നതായിരുന്നു എന്നത് ഇതോടു ചേര്‍ത്തുവയ്ക്കാം. ബോധപൂര്‍വമായ സ്ത്രീപക്ഷ നിലപാടുകളുടെ ആഘോഷം ഈ ഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. 'കുപിതയായ ഫെമിനിസ്റ്റ് ' എന്ന പ്രയോഗം ആ കാലവുമായി ചേര്‍ത്ത് ഉപയോഗിക്കപ്പെട്ടു.
ഇതൊക്കെയാണെങ്കിലും സഅദാവിയുടെ രചനകളെ പൊതുവിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' എന്ന കൃതിയെ വിശേഷിച്ചും വെറും ഫെമിനിസ്റ്റ് രചന എന്ന കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സാഹിത്യപരമായ വിവേചനമില്ലായ്മയായിരിക്കും. അതു തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ രചനയാണ്, എന്നാല്‍ അതിനപ്പുറം അധികാരവും മൗലികവാദവും ദാരിദ്ര്യം ഉല്‍പാദിപ്പിക്കുന്ന വിശ്വാസദൗര്‍ബല്യങ്ങളും വേട്ടയാടുന്ന നിസഹായരായ മനുഷ്യരുടെയും കഥ കൂടിയാണ്. സഅദാവിയുടെ ആഖ്യാന മികവ് വിളിച്ചോതുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. ഏറ്റവും സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ ഘട്ടങ്ങളില്‍ പെടുന്നനെ ഭ്രമാത്മകതയുടെയും സ്വപ്നാനുഭവ സദൃശമായ ഭാവപ്പകര്‍ച്ചകളുടെയും തലങ്ങളിലേക്ക് അനായാസം കൂടു മാറുന്നത് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ അതിതീക്ഷണമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. പുതിയ കാലത്ത് ഏകാ കുര്‍നിയാവനെ പോലുള്ള ഇളംമുറക്കാരില്‍ കാണാവുന്ന ഈ ചടുലത അറബ് സാഹിത്യത്തിലെ ഈ ആചാര്യ സ്ഥാനീയയുടെ കൃതിയെ സമ്പന്നമാക്കുന്നു. നോവലിന്റെ അന്ത്യം വിശേഷിച്ചും ഏകാ കുര്‍നിയാവന്റെ 'മാന്‍ ടൈഗര്‍' എന്ന കൃതിയെ മനസില്‍ കൊണ്ടുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."