കരിപ്പൂരില്‍ വാഹന പാര്‍ക്കിങ് 15.25 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് വിമാനത്താവള അതോറിറ്റി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങിനായി 15.25 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. ഇതുസംബന്ധിച്ച് അതോറിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി. പുതിയ ടെര്‍മിനലിന് മുന്‍വശത്തായാണ് സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ടെര്‍മിനല്‍ രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാവുമെങ്കിലും ഇതിന് മുന്‍വശത്ത് വാഹന പാര്‍ക്കിങിന് മതിയായ സൗകര്യമില്ല.
കൊണ്ടോട്ടി നഗരസഭയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കാര്പാര്ക്കിങിനായി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്. സ്ഥലം സംബന്ധിച്ചും, നിര്‍മിക്കാനുദ്ദേശിക്കുന്ന വാഹനപാര്‍ക്കിങ് രീതികളും, ആവശ്യകതയും വിശദീകരിച്ചാണ് അതോറിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറിയത്. നിലവിലുളള കാര്പാര്ക്കിങിന് സമീപത്തു തന്നെയാണ് പുതിയ സ്ഥലം ഏറ്റെടുത്തു നല്‍കേണ്ടത്.
നിലവില്‍ കിഴക്ക് വശത്താണ് പാര്‍ക്കിങ് സ്ഥലമുള്ളത്. ഇതിനോട് ചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. വലിയ വിമാനങ്ങളുടെ സര്‍വിസു കൂടി ആരംഭിക്കുന്നതോടെ യാത്രക്കാരും വര്‍ധിക്കും. ഇത് കൂടി മുന്നില്‍ കണ്ടാണ് അതോറിറ്റി കാര്‍പാര്‍ക്കിങ് വിപുലീകരിക്കുന്നത്. ടെര്‍മിനലിന് മുന്‍വശത്ത് ചെങ്കുത്തായ സ്ഥലം പാര്‍ക്കിങിന് പ്രയോജനപ്പെടുത്തുന്ന പദ്ധതിയും അതോറിറ്റിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."