പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ ചാവേര്‍ ആക്രമണം; 11 സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്താനിലെ സ്വാത് താഴ്‌വരയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു സാരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ പാകിസ്താനിലെ സൈനിക താവളത്തിനടുത്താണു ഭീകരാക്രമണമുണ്ടായത്. നേരത്തെ താലിബാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശമാണിത്.
കഴിഞ്ഞ ദിവസം വൈകിട്ട് സൈനിക താവളത്തിലെ കായിക മൈതാനത്താണ് ആക്രമണമുണ്ടായത്. ഈ സമയത്ത് സൈനികര്‍ ഇവിട വോളിബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെയെത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. ദൈവഹിതത്താല്‍ തെഹ്‌രീകെ താലിബാന്‍ പ്രതികാര നടപടികള്‍ ആരംഭിച്ചിരിക്കുകയാണെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് ഖുറാസാനി പ്രസ്താവനയിലൂടെ പ്രതികരിച്ചു.
സംഭവസമയത്ത് സ്ഥലത്ത് വന്‍ജനക്കൂട്ടമുണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് പൊലിസ് പറഞ്ഞു. പരുക്കേറ്റവരെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."