മുഖ്യമന്ത്രിയുടെ പരാമര്‍ശം: പെരിയാര്‍ തടങ്ങളില്‍ പ്രതിഷേധം അണപൊട്ടുന്നു
കട്ടപ്പന: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പെരിയാര്‍ തടങ്ങളില്‍ പ്രതിഷേധം അണപൊട്ടുന്നു. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്നലെ ചപ്പാത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.
മുല്ലപ്പെരിയാര്‍ സമരം ആരംഭിച്ച കാലത്ത് എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു ഭരണം കൈയാളിയിരുന്നത്. തുടര്‍ന്ന് സമരം ശക്തിയാര്‍ജിച്ച 2011ല്‍ എല്‍.ഡി.എഫ് പ്രതിപക്ഷത്തായിരുന്നു.
ഈ രണ്ട് കാലഘട്ടങ്ങളിലും മുല്ലപ്പെരിയാര്‍ സമരസമിതി നടത്തിവന്ന പ്രക്ഷോഭത്തിനു ഇടതു പക്ഷം പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. കൂടാതെ സംസ്ഥാന നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സമരത്തില്‍ ദിവസങ്ങളോളം അണിചേരുകയും ചെയ്തിരുന്നു. പുതിയ അണക്കെട്ട് എന്ന ആവശ്യമുന്നയിച്ച് നടത്തിയ മനുഷ്യച്ചങ്ങലയില്‍ എല്ലാ ഇടതു നേതാക്കളും അണിചേര്‍ന്നിരുന്നു. റിലേ ഉപവാസ സമരത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും മത്സരിച്ചാണ് പിന്തുണ നല്‍കിയിരുന്നത്.
കാലപ്പഴക്കം മൂലം ദുര്‍ബലമായ അണക്കെട്ട് പൊളിച്ച് പുതിയവ നിര്‍മിക്കണമെന്ന ആവശ്യം കക്ഷി, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തെ പെരിയാര്‍ തീരവാസികള്‍ ആശങ്കയോടെ കാണുന്നത്.
പത്ത് വര്‍ഷത്തിലധികമായി സമരസമിതി നടത്തിവരുന്ന പ്രക്ഷോഭത്തിനു പിന്തുണ നല്‍കിയിട്ടുള്ള സി.പി.എം പെട്ടെന്നുള്ള നിലപാടു മാറ്റത്തില്‍ ഉത്തരം പറയണമെന്ന് സമിതി ചെയര്‍മാന്‍ ഫാ. ജോയി നിരപ്പേല്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആശങ്കയറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കു ശേഷം വീണ്ടും യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."