വടക്കാഞ്ചേരിയിലെ റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് മര്‍ദനം
വടക്കാഞ്ചേരി: റെയില്‍വേ സ്‌റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററുടേയും, ബുക്കിങ് ക്ലര്‍ക്കിന്റെയും അനുമതിയില്ലാതെ പരിശോധനക്കെത്തിയ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ ചരക്ക് കയറ്റല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരുന്ന പോര്‍ട്ടര്‍മാരെ മര്‍ദിച്ചതായി പരാതി. പോര്‍ട്ടര്‍മാരായ വടക്കാഞ്ചേരി കുമ്പളങ്ങാട് കടമാംകുളം വീട്ടില്‍ ഷിനീഷ് (35), മുണ്ടത്തിക്കോട് ചിറയത്ത് വീട്ടില്‍ റോയ്(36), റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് താമസിക്കുന്ന പുത്തന്‍ വീട്ടില്‍ ഷെരീഫ്(41) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഷിനീഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും റോയ്, ഷെരീഫ് എന്നിവരെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി പത്ത് മണിയോടെയാണ് സംഭവം. മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസില്‍ മണ്ണെണ്ണ സ്റ്റൗ കയറ്റുന്നതിനിടെയാണ് രണ്ട് സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ചരക്ക് കയറ്റുന്നത് നിര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത് ഗൗനിക്കാതെ വീണ്ടും കയറ്റിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു വെന്നാണ് പോര്‍ട്ടര്‍മാരുടെ പരാതി. ഉദ്യോഗസ്ഥര്‍ പിടിച്ച് തള്ളിയപ്പോള്‍ ഷിനീഷ് നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീണു.ബഹളം കേട്ട് ഓടികൂടിയെത്തിയവര്‍ മിന്നല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. മറ്റ് രണ്ട് പേര്‍ക്ക് പ്ലാറ്റ് ഫോമില്‍ വീണാണ് പരുക്കേറ്റത്. ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ പറയുന്നു. നേരത്തെ ബുക്ക് ചെയ്ത ചരക്കാണ് ട്രെയിനില്‍ കയറ്റിയിരുന്നത്. ഇത് തടയാന്‍ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. തന്റെയോ ബുക്കിങ് ക്ലര്‍ക്കിന്റേയോ അനുമതിയില്ലാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയതെന്നും മുന്‍കൂട്ടി ബുക്ക് ചെയ്ത സാധനങ്ങള്‍ കയറ്റിവിടേണ്ട ബാധ്യത റെയില്‍ വേക്ക് ഉണ്ടെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. അതിനിടെ തങ്ങളുടെ കൃത്യ നിര്‍വ്വഹണത്തില്‍ പോര്‍ട്ടര്‍മാര്‍ തടസം സൃഷ്ടിച്ചതായും ആവശ്യമായ നികുതി അടയ്ക്കാതെ നടക്കുന്ന സാധന കടത്ത് തടയുക മാത്രമാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോര്‍ട്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."