ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍ക്കു തിരിച്ചടി: ചീമേനി ഐ.ടി പാര്‍ക്ക് നിര്‍മാണം നിലച്ചു
നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുകയാണ്
ചീമേനി: ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്കു പുതുപ്രതീക്ഷകള്‍ നല്‍കിയ ചീമേനി ഐ.ടി പാര്‍ക്കിന്റെ നിര്‍മാണം നിലച്ചു. ചുറ്റു മതിലിന്റെ ഗേറ്റ് താഴിട്ടു പൂട്ടിയ നിലയിലാണുള്ളത്. വര്‍ഷങ്ങളായി കാടുമൂടി കിടന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടല്‍ കാരണം ഈയിടെയാണ് ആരംഭിച്ചത്. എന്നാല്‍ പൊടുന്നനെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പും സമാനമായ രീതിയില്‍ ഇതിന്റെ നിര്‍മാണം നിര്‍ത്തിയിരുന്നു. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളായിരുന്നു അന്നു കാരണമായി പറഞ്ഞത്.
125 ഏക്കര്‍ സ്ഥലമാണ് ഐ.ടി പാര്‍ക്കിനു വേണ്ടി ചീമേനി ടൗണിനു സമീപം പയ്യന്നൂര്‍ റോഡില്‍ നല്‍കിയത്. നിര്‍മാണത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കെട്ടിട നിര്‍മാണ പ്രവൃത്തിക്കാണു തുടക്കം കുറിച്ചിരുന്നത്. ഇതാണു പാതിവഴിയില്‍ നിലച്ചത്.
നിര്‍മാണം നിര്‍ത്താനിടയായ കാരണം സംബന്ധിച്ചു ബന്ധപ്പെട്ടവരോട് പ്രദേശവാസികളും പൊതുപ്രവര്‍ത്തകരും ആരാഞ്ഞപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നു പറയുന്നു.
അതേസമയം ഐ.ടി പാര്‍ക്കിന് 25 ഏക്കര്‍ സ്ഥലം മാത്രമേ വേണ്ടൂവെന്നും ബാക്കി സ്ഥലം വ്യവസായത്തിനും മറ്റും നല്‍കാന്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."